വിഷചികിത്സാ രംഗത്ത് ആറ് പതിറ്റാണ്ടായി വിസ്മയം തീര്‍ത്ത് രാജമ്മ
ചാരുംമൂട്: വിഷ ചികിത്സയില്‍ ആറ് പതിറ്റാണ്ട് പിന്നിടുന്ന രാജമ്മ ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്നത് നിരവധി പേരെ. താമരക്കുളം ചക്കാട്ട് തറയില്‍ എന്‍.രാജമ്മയാണു പാരമ്പര്യം കൈവിടാതെ വിഷചികിത്സ നടത്തി വരുന്നത്. താമരക്കുളം വേടര പ്ലാവ് ഗ്രാമത്തില്‍ ചക്കാട്ട് വീട് പാമ്പുകടി ഏറ്റ് എത്തുന്നവര്‍ക്കായി എപ്പോഴും തുറന്ന് കിടക്കും. വിഷബാധയേറ്റ് അത്യാസന്ന നിലയിലായ നൂറ് കണക്കിന് ആളുകള്‍ ഇവിടെയെത്തി രാജമ്മയുടെ വിഷചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയിട്ടുണ്ട്.
പാമ്പ് കടിയുടെ സ്വഭാവവും ലക്ഷണങ്ങളും കടിയേറ്റയാളിന്റെ അവസ്ഥയും കൂടെയെത്തുന്നവര്‍ നള്‍കുന്ന വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.
വിഷചികിത്സ ആശുപത്രികളില്‍ ഇല്ലാതിരുന്ന കാലഘട്ടങ്ങളില്‍ ദൂരെദേശങ്ങളില്‍ നിന്നു പോലും ധാരാളം ആളുകള്‍ ചികിത്സ തേടി ഇവിടെ എത്തിയിട്ടുണ്ട്. പത്തോളം പേരെ ഒരുമിച്ച് ചികിത്സിച്ച ദിവസങ്ങളും ഉണ്ട്.അടുത്ത കാലം വരെ രോഗികളെ കിടത്തി ചികിത്സിച്ചിരുന്നു.
കൊല്ലം ചക്കുവള്ളി പോരുവഴി ചെമ്മാട്ട് കിഴക്കതില്‍ വേലായുധന്‍ വൈദ്യരുടെ മകളായ രാജമ്മ ചെറുപ്പം മുതല്‍ വിഷചികിത്സയില്‍ പിതാവിന്റെ സഹായി ആയിരുന്നു.പതിനേഴാം വയസിലാണ് ദിവാകരന്‍ രാജമ്മയെ വിവാഹം കഴിച്ചത്.അതോടെ ചക്കാട്ടുതറ കുടുംബത്തിലെത്തി സ്വന്തമായി ചികിത്സ തുടങ്ങുകയായിരുന്നു. വിഷം തീണ്ടിയെത്തിയ നിരവധി പേരെ രക്ഷപെടുത്തിയതോടെ വിഷ ചികിത്സാലയമായി ചക്കാട്ടുതറ വീട് മാറുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് ദിവാകരന്‍ വൈദ്യര്‍ക്കും ചികിത്സാക്രമങ്ങള്‍ പകര്‍ന്നു നല്‍കി.വേലായുധന്‍ വൈദ്യരെ ഗുരു സ്ഥാനത്ത് നിര്‍ത്തിയാണ് ദിവാകരന്‍ വിഷചികിത്സ സ്വായത്തമാക്കിയത്.ദിവാകരന്‍ വൈദ്യര്‍ ആറ് വര്‍ഷം മുന്‍പാണ് മരിച്ചത്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ ഇപ്പോഴും ചികിത്സയ്ക്ക് ആളെത്തുന്നുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ആയുര്‍വേദ ചികിത്സയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
പാരമ്പര്യമായി ലഭിച്ച അറിവുകള്‍ക്ക് പുറമേ വിഷ ചികിത്സയുമായി ബന്ധപ്പെട്ടുള്ള അറിവുകളും ചികിത്സയ്ക്ക് സഹായകമായി. വിഷ ചികിത്സയുമായി ബന്ധപ്പെട്ടും പാമ്പുകളേ കുറിച്ചുമുള്ള വളരെ പഴക്കം ചെന്ന ഗ്രന്ഥങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുകയും ചെയ്യുന്നു. പാമ്പ് കടിയേറ്റവര്‍ക്കുള്ള വിഷചികിത്സ കൂടാതെ മഞ്ഞപിത്തത്തിനും പേവിഷബാധയ്ക്കുമുള്ള ചികിത്സ നടത്തിയിരുന്നെങ്കിലും ഇപ്പോഴില്ല.പോരുവഴിയിലെ കുടുംബ വീട്ടിലുള്ള ഒരു സഹോദരി ഇപ്പോഴും ചികിത്സ നടത്തുന്നുണ്ട്. മക്കള്‍ക്ക് ചികിത്സ വശമുണ്ടെങ്കിലും അവരാരും തന്നെ സ്ഥലത്തില്ലെന്ന് മാത്രമല്ല, ചികിത്സാരംഗത്തുമില്ല. തന്നെ തേടിയെത്തുന്നവര്‍ക്കായി ഇനിയും ചികിത്സാരംഗത്ത് തുടരാന്‍ തന്നെയാണ് രാജമ്മയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."