ചെറുകിട ജലസേചനപദ്ധതികളില്‍ ഭൂട്ടാന്‍ സംഘത്തിനു താല്‍പര്യം
തൃശൂര്‍: വികേന്ദ്രീകൃതാസൂത്രണത്തിലൂടെ കേരളത്തില്‍ നടപ്പിലാക്കിയ വികസനപദ്ധതികളുടെ പ്രായോഗികവശങ്ങള്‍ കണ്ടുമനസ്സിലാക്കുന്നതിനു ഭൂട്ടാനില്‍ നിന്നുളള ഉന്നതതല സംഘം കിലയിലെത്തി. തദ്ദേശസ്ഥാപന തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുള്ള ഇരുപതംഗ സംഘത്തില്‍ അഞ്ചുപേര്‍ തദ്ദേശസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്.
പ്രാദേശിക പദ്ധതികള്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ അതു പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളും തേടിയാണ് സംഘം കിലയിലെത്തിയത്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള ചെറുകിട ജലസേചനപദ്ധതികള്‍ ഭൂട്ടാനിലും നടപ്പിലാക്കുന്നതിന്റെ സാധ്യതകളും സംഘം ആരായുന്നുണ്ട്.
കിലയില്‍ ഇവര്‍ക്കുവേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി കെ.എസ് സേത്തി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ അധ്യക്ഷനായിരുന്നു. ഡോ.ജെ.ബി രാജന്‍, ഡോ.പീറ്റര്‍.എം.രാജ്, കോര്‍ഡിനേറ്റര്‍ പ്രൊഫ.ടി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ പങ്കാളിത്താസൂത്രണം, ഗ്രാമവികസനം, ധനവികേന്ദ്രീകരണം, വിഭവ സമാഹരണം, സ്ത്രീ ശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്, ഗ്രാമസഭയുടെ പ്രവര്‍ത്തനം, ഘടകസ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസ്സെടുത്തു. ജെ.നെല്‍സണും ടി.രാധാകൃഷ്ണനും പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, തൃശൂര്‍ കോര്‍പ്പറേഷന്‍, ആലപ്പുഴ ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംഘം നേരില്‍ കണ്ട് വിലയിരുത്തുകയും ജനപ്രതിനിധകളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."