വിദേശ മദ്യശാലക്കെതിരേയുള്ള പ്രതിഷേധം; സംഘര്‍ഷത്തില്‍ സ്ത്രീക്ക് പരുക്ക്
ചവറ: വിദേശ മദ്യശാലയുടെ ഔട്ട് ലെറ്റ് തുറക്കാനുള്ള നീക്കത്തിനെതിരേ മൂന്നാം ദിവസവും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പ്രതിഷേധത്തിനിടെ മദ്യം വാങ്ങാനെത്തിയവര്‍ സമരക്കാരായ സ്ത്രീകളെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് പരുക്കേറ്റു. നീണ്ടകര ചീലാന്തി ജങ്ഷന് സമീപം വിഷ്ണു നിവാസില്‍ ജയശ്രീ സുരേഷിനാണ് (47) തലയ്ക്ക് പരുക്കേറ്റത്. ഇതോടെ പ്രതിഷേധം ശക്തമായി.
ദേശീയ പാതയില്‍ തട്ടാശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് നീണ്ടകര വെളിത്തുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെയാണ് കോണ്‍ഗ്രസ്, ബി.ജെ.പി, ആര്‍.എസ്.പി പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംയുക്ത ജനകീയ മുന്നണി രൂപീകരിച്ച് സമരം നടത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് തുറന്ന സ്ഥാപനത്തില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്ക് ക്രമാതീതമായതോടെയാണ് സംയുക്ത സമര സമിതി പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഇതാടെ ഔട്ട് ലെറ്റിന്റെ പ്രവര്‍ത്തനം പൊലിസിടപെട്ട് നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച ഔട്ട് ലെറ്റ് തുറക്കുന്നതിന് മുന്‍പേ സമര സമിതി പ്രതിഷേധ പ്രകടനവുമായെത്തി ഔട്ട് ലെറ്റ് ഉപരോധിച്ചിരുന്നു. തീരദേശ പഞ്ചായത്തായ നീണ്ടകരയില്‍ ജനജീവിതത്തെ ദുസ്സഹമാക്കി ഔട്ട് ലെറ്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് തീരുമാനത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍. ഇതിനിടയില്‍ ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയവര്‍ക്ക് പിറകില്‍ കുടി മദ്യം നല്‍കുകയും ചെയ്തു.
ഇതിനിടയില്‍ ബിവറേജിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സംഘടിച്ചെട്ടിയ ഒരു കൂട്ടര്‍ പ്രദേശത്ത് ബോര്‍ഡും, ഫ്‌ളക്‌സും സ്ഥാപിച്ചു. ബിവറേജസ് തുറപ്പിക്കാനും അടപ്പിക്കാനും ആളുകള്‍ സംഘടിച്ചതോടെ പ്രതിഷേധം സംഘര്‍ഷത്തിലായി. ഇതിനിടയിലാണ് വീട്ടമ്മയ്ക്ക് പരുക്കേറ്റത്. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി എങ്കിലും പ്രശ്‌ന പരിഹാരമായില്ല.
സംഭവമറിഞ്ഞ് ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ സ്ഥലത്തെത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി.
സമരക്കാരായ സ്ത്രീകളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. നീണ്ടകര അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഔട്ട് ലെറ്റിലേക്ക് വരുന്നതിന് ഇടുങ്ങിയ റോഡുകളാണുള്ളത്. മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് കാരണം അപകടങ്ങളും ഗതാഗത തടസങ്ങളും പതിവാകുമെന്നും സമരക്കാര്‍ പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ ഒഴികെയുള്ളവരാണ് സമര രംഗത്തുള്ളത്. ഇരു കൂട്ടരും പ്രതിഷേധം ശക്തമാക്കിയതോടെ എ.സി.പി ശിവപ്രസാദ്, സി.ഐമാരായ ഗോപകുമാര്‍, അനില്‍കുമാര്‍, എസ്.ഐമാരായ ജയകുമാര്‍, രാജീവ് എന്നിവര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച നടത്തി എങ്കിലും ഔട്ട് ലെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.
ഒടുവില്‍ മദ്യശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്പ്പിക്കാനും, എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നും തീരുമാനമായതോടെയാണ് ജനകീയ പ്രതിഷേധം അവസാനിപ്പിച്ചത്. മദ്യശാലയ്ക്ക് സാഹചര്യം ഒരുക്കിയതിനെതിരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഉപരോധവും നടത്തി.
സ്വന്തം വാര്‍ഡില്‍ വിദേശമദ്യശാലക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമരസമിതി നേതാക്കളായ ഭവാനയ്യത്ത് കൃഷ്ണകുമാര്‍, സന്തോഷ് തുപ്പാശേരി, ഷാന്‍ മുണ്ടകത്തില്‍, മന്‍മഥന്‍, ഷീല, സി.എസ്. മിനി, സോമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."