പോരിനിടെ എന്‍.ഡി.എ സീറ്റുവിഭജനം പൂര്‍ത്തിയാക്കി
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള എന്‍.ഡി.എ സീറ്റുവിഭജനം പൂര്‍ത്തിയാക്കി. മുന്നണിയില്‍ വലിയ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് ഇന്നലെ ജെ.ഡി.യു, ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി സീറ്റുവിഭജനം പ്രഖ്യാപിച്ചത്. 122 സീറ്റുകളില്‍ ജെ.ഡി.യുവും 121 സീറ്റുകളില്‍ ബി.ജെ.പിയും മത്സരിക്കും. ജെ.ഡി.യുവിന്റെ 122 സീറ്റുകളില്‍നിന്ന് ഏഴെണ്ണം ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കു നല്‍കും. ബി.ജെ.പിയുടെ സീറ്റുകളില്‍നിന്നു കുറച്ച് വികാശീല്‍ ഇന്സാന് പാര്‍ട്ടിക്കും നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു 141, ബി.ജെ.പി 102 എന്നിങ്ങനെ സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്.
ബിഹാറിലെ എന്‍.ഡി.എയ്ക്കു നേതൃത്വം നല്‍കുന്നത് നിതീഷ് കുമാറാണെന്നും മുന്നണിയില്‍ ആ നേതൃത്വം അംഗീകരിക്കുന്നവര്‍ മാത്രം മതിയെന്നും ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി. ചിരാഗ് പാസ്വാന്റെ നേതൃത്വത്തില്‍ എല്‍.ജെ.പി നേതാക്കള്‍ ജെ.ഡി.യുവിനും നിതീഷിനുമെതിരേ രംഗത്തെത്തുകയും എല്‍.ജെ.പിയെ മുന്നില്‍ നിര്‍ത്തി ജെ.ഡി.യുവിനെതിരേ ബി.ജെ.പി കളിക്കുകയാണെന്ന ആരോപണമുയരുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി ഒരുതരത്തിലും പ്രശ്നമില്ലെന്ന് എല്‍.ജെ.പി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ, അസ്വാരസ്യം ഉടലെടുത്തതോടെയാണ് ബി.ജെ.പിയുടെ വിശദീകരണം. ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച എല്‍.ജെ.പി പ്രധാനമന്ത്രി മോദിയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കരുതെന്നും ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. കക്ഷിനില എങ്ങനെയായിരുന്നാലും നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിയെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. എന്നാല്‍, ബിഹാറില്‍ വരാനിരിക്കുന്നത് ബി.ജെ.പി-എല്‍.ജെ.പി സര്ക്കാരാകുമെന്നാണ് എല്‍.ജെ.പി നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."