രാഹുലിനു മുന്‍പില്‍ ഹരിയാന സര്‍ക്കാരും കീഴടങ്ങി
ചണ്ഡിഗഢ്: ഹത്രാസിലേക്കുള്ള യാത്രയില്‍ വിലങ്ങായ ശേഷം യു.പി സര്‍ക്കാരും പൊലിസും രാഹുലിനു മുന്‍പില്‍ വഴിമാറിയപോലെ, ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരും മുട്ടുമടക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലിക്കു സംസ്ഥാനത്തേയ്ക്കു പ്രവേശനം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അടക്കമുള്ളവര്‍ വെല്ലുവിളിച്ചിരുന്നുവെങ്കിലും, ഇന്നലെ വൈകിട്ടോടെ റാലി കടത്തിവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
വൈകിട്ട് മൂന്നരയോടെ ഹരിയാന അതിര്‍ത്തിയിലെത്തിയ ട്രാക്ടര്‍ റാലി പൊലിസ് തടഞ്ഞിരുന്നു. വന്‍ ജനപങ്കാളിത്തമായിരുന്നു റാലിയിലുണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാനത്തേയ്ക്കു പ്രവേശിക്കാന്‍ എത്രവേണമെങ്കിലും കാത്തിരിക്കുമെന്നും പിന്‍മാറില്ലെന്നും രാഹുല്‍ നിലപാടെടുത്തു. ഇതോടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ബാരിക്കേഡുകള്‍ സമരക്കാര്‍ മറിച്ചിടുകയും ചെയ്തു. രാഹുലിന്റെ റാലിയെ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ഹരിയാനയിലും സമരങ്ങള്‍ നടന്നു. സമരക്കാര്‍ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വീട് വളയുകയും പ്രധാന പാതകള്‍ ഉപരോധിക്കാനാരംഭിക്കുകയും ചെയ്തതോടെ ട്രാക്ടര്‍ റാലി കടത്തിവിടുകയായിരുന്നു.
നൂറിലേറെ പേര്‍ ഒത്തുകൂടരുതെന്ന നിര്‍ദേശത്തോടെയാണ് റാലി കടത്തിവിട്ടതെന്നാണ് ഹരിയാന പൊലിസിന്റെ വിശദീകരണം. രാഹുലിനൊപ്പം ചില നേതാക്കളെയും മൂന്നു ട്രാക്ടറുകളുമാണ് കടത്തിവിട്ടത്. ഇതിനു പിന്നാലെ ഹരിയാനയിലെ പ്രവര്‍ത്തകര്‍ ട്രാക്ടറുകളുമായി റാലിയില്‍ ചേര്‍ന്നു. ഇന്ന് ഹരിയാനയിലെ വിവിധയിടങ്ങളില്‍ രാഹുല്‍ കര്‍ഷകരെ അഭിസംബോധന ചെയ്യും. ഇതിനു പിന്നാലെ, ബി.ജെ.പി സഖ്യത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രിയും ജെ.ജെ.പി നേതാവുമായ ദുശ്യന്ത് ചൗട്ടാലയ്‌ക്കെതിരേ ഹരിയാനയില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുമുണ്ട്. അതേസമയം, പഞ്ചാബില്‍ കഴിഞ്ഞ ദിവസം രാഹുലിനൊപ്പം വേദി പങ്കിട്ട സംസ്ഥാന ആരോഗ്യമന്ത്രിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."