ബഹ്‌റൈനില്‍ മസ്ജിദ് ജീവനക്കാരന്റെ സത്യസന്ധതയില്‍ മലയാളി കുടുംബത്തിന് ഏഴ് പവന്‍ തിരികെ ലഭിച്ചു
മനാമ: ബഹ്‌റൈനിലെ പ്രവാസിയായ മസ്ജിദ് ജീവനക്കാരന്റെ സത്യസന്ധതയില്‍ മലയാളി കുടുംബത്തിന് നഷ്ടപ്പെട്ട 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ലഭിച്ചു.
കഴിഞ്ഞ മാസം 4ന് ഗഫൂളിലെ കാനൂ മസ്ജിദ് ജീവനക്കാരന്‍ നൂറുല്‍ ഇസ്ലാമിന് റോഡരികില്‍ നിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങളാണ് ഉടമയായ കോഴിക്കോട് താമരശേരി സ്വദേശി ബെന്നിക്ക് കഴിഞ്ഞ ദിവസം കൈമാറിയത്.
ബഹ്‌റൈനിലെ ഗഫൂള്‍ പ്രവിശ്യയിലൂടെ കുടുംബ സമേതം കാറോടിച്ചു പോകുമ്പോഴാണ് വാഹനത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന മാലയും പാദസരങ്ങളും ഉള്‍പ്പെട്ട 7 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടത്.
കാറിന്റെ സീറ്റില്‍ വച്ചിരുന്ന ആഭരണം ഡോര്‍ തുറന്നപ്പോള്‍ റോഡില്‍ വീണതാകാമെന്നുള്ള ധാരണയില്‍ വിവിധ സ്ഥലങ്ങളില്‍ ബെന്നി അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഗഫൂളിലെ കാനൂ മസ്ജിദിന് മുന്നിലെ ബോര്‍ഡില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയതായുള്ള അറിയിപ്പ് ബെന്നി കണ്ടത്. തുടര്‍ന്ന് ബോര്‍ഡിലുള്ള ഫോണ്‍ നമ്പരിലേക്ക് വിളിക്കുകയും തെളിവുകള്‍ ഹാജരാക്കി ആഭരണങ്ങള്‍ കൈപ്പറ്റുകയുമായിരുന്നു.
മസ്ജിദ് ജീവനക്കാരനായ നൂറുല്‍ ഇസ്ലാം തന്നെയാണ് ആഭരണങ്ങള്‍ കിട്ടിയപ്പോള്‍ ഉടമയെ തേടി നോട്ടീസിട്ടത്. നൂറുല്‍ ഇസ്ലാമിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മസ്ജിദിലെ മറ്റു ജീവനക്കാരും പ്രദേശവാസികളും രംഗത്തെത്തി. സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് കൈമാറുന്നതിനും അവര്‍ സാക്ഷികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."