സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌നയുടെ മൊഴി
തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. തനിക്ക് നിയമനം നല്‍കിയത് ശിവശങ്കറിന്റെ വിശ്വസ്ത ആയതുകൊണ്ടാണെന്നും സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടിരുന്നെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്‌നയുടെ ഈ മൊഴിയുള്ളത്.
യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷം പുതിയൊരു ജോലി തേടാന്‍ അടുത്തസുഹൃത്തുകൂടിയായ ശിവശങ്കറിന്റെ സഹായം തേടിയിരുന്നു. സ്‌പേസ് പാര്‍ക്കില്‍ പുതിയ ഒരു ഓപ്പണിങ് ഉണ്ടെന്നും ഒരു ബയോഡാറ്റ തയ്യാറാക്കി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് അയക്കാനും റഫറന്‍സായി തന്റെ പേരു വെക്കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ബയോഡാറ്റ അയച്ചു. ഇതിന് ശേഷം കെ.എസ്.ടി.എ.എല്‍ എം.ഡി ഡോ. ജയശങ്കറിനെ കാണാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗികമായി സ്‌പേസ്പാര്‍ക്കില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്.
സ്‌പേസ് പാര്‍ക്കിലെ കാര്യം അറിയിച്ചപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി താന്‍ സംസാരിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ നിയമനം അറിഞ്ഞിരുന്നെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.
എട്ട് തവണ ഔദ്യോഗികമായി ശിവശങ്കറിനെ കണ്ടിരുന്നു. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗികമല്ലാതെ നിരവധി തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."