ഫാക്ടറികളിലെ അപകടവിവരങ്ങള്‍ മൊബൈല്‍ആപിലൂടെ
മലപ്പുറം: ഫാക്ടറികളില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ പരിസരവാസികള്‍ക്കും തൊഴിലാളികള്‍ക്കും മൊബൈല്‍ആപ് വഴി അപായ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ നടപടി തുടങ്ങി. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് നിര്‍ദേശിച്ച പദ്ധതി നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കരാറുണ്ടാക്കാന്‍ തൊഴില്‍ വകുപ്പ് അനുമതി നല്‍കി.
ഫാക്ടറികളില്‍ വാതകച്ചോര്‍ച്ച, തീപിടിത്തം, പൊട്ടിത്തെറി തുടങ്ങിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ തുടക്കത്തില്‍തന്നെ അവിടുത്തെ തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും മൊബൈല്‍ആപ് വഴി അറിയിപ്പു നല്‍കുന്നതിനുള്ള പദ്ധതിയാണിത്. റിമോട്ട് സെന്‍സിങ് ഇനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം (റോസേഴ്‌സ്) എന്ന സംവിധാനമുപയോഗിച്ചായിരിക്കും അറിയിപ്പു നല്‍കുക.
ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി (എന്‍.ആര്‍.എസ്.എ), ചെന്നൈയിലെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (ഐ.ജി.സി.എ.ആര്‍) എന്നിവയുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക. ഈ സ്ഥാപനങ്ങളുമായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഉടന്‍ കരാര്‍ ഒപ്പുവയ്ക്കും. അപകടസാധ്യതകളുള്ള ഫാക്ടറികള്‍ ഏറെയുള്ള എറണാകുളം ജില്ലയിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. രണ്ടുകോടി രൂപയാണ് പദ്ധതിച്ചെലവ്.
പദ്ധതി നടത്തിപ്പിനായി ഈ തുക ചെലവഴിക്കാന്‍ തൊഴില്‍ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയരക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശം വിശദമായി പരിശോധിച്ചതിനുശേഷമാണ് ഭരണാനുമതി നല്‍കിയത്. പദ്ധതി നടപ്പാകുന്നതോടെ ഫാക്ടറികളിലെ അപകടം മൂലമുണ്ടാകുന്ന ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും ഗണ്യമായതോതില്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."