ജില്ലയില്‍ തൊഴിലുറപ്പ് കൂലി കുടിശ്ശിക 14 കോടി
മാനന്തവാടി: ഗ്രാമ പഞ്ചായത്തുകള്‍ വഴി മഹാത്മാ ഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്ത വകയില്‍ ജില്ലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത് 14 കോടി രൂപ.
2016 നവംബറിന് ശേഷം കൂലി വിതരണം ചെയ്യാത്തതാണ് ഇത്രയധികം കുടിശ്ശികയാവാന്‍ ഇടയാക്കിയത്. അടുത്ത മാസം വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ ആദിവാസികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കൂലി ലഭ്യമായില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാകും നേരിടേണ്ടി വരിക. 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് 14 കോടി രൂപ കുടിശികയായിട്ടുള്ളത്.
കഴിഞ്ഞ മാസത്തെയും ഈമാസത്തെയും കൂലി കൂടുന്നതോടെ സംഖ്യ ഇനിയും വര്‍ധിക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് കൂലി വിതരണം വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന മന്ദിപ്പിനെ തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട പട്ടിക വര്‍ഗക്കാരുള്‍പ്പെടെയുള്ള ഭൂരിഭാഗം വരുന്ന സ്ത്രീകളും ഇവരുടെ കുടുംബവും ഇപ്പോള്‍ ആശ്രയിക്കുന്നത് തൊഴിലുറപ്പ് കൂലി മാത്രമാണ്.
ഇത് യഥാസമയം ലഭിക്കാതെ വന്നാല്‍ വീട്ടു സാധനങ്ങള്‍ വാങ്ങുന്ന കടകളില്‍ പണം നല്‍കാന്‍ കഴിയാതെ പട്ടിണിയിലേക്ക് പോകുന്ന കുടുംബങ്ങള്‍ വരെ നിലവിലുണ്ട്. ഇത് ആത്മഹത്യക്ക് വരെ കാരണമാവാം. ജില്ലയില്‍ 1,30,205 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 61,826 പേരാണ് സ്ഥിരം ജോലിയില്‍ ഏര്‍പ്പെടുന്നത്. 32,02,743 തൊഴില്‍ ദിനങ്ങളാണ് മാര്‍ച്ച് 31വരെ ജില്ലയിലുണ്ടായത്. ഇതില്‍ 28,19,855 തൊഴില്‍ ദിനങ്ങളും പ്രയോജനപ്പെടുത്തിയത് സ്ത്രീകളാണ്. 7395 പേര്‍ 100 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശമ്പളം കിട്ടാതായത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."