ശാപമോക്ഷം തേടി പാടിക്കുന്ന്- ചീരവയല്‍ റോഡ്
നടവയല്‍: പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പാടിക്കുന്ന്- ചീരവയല്‍ റോഡ് തകര്‍ന്നതുമൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടില്‍. മാനന്തവാടി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഈ റോഡ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ടു ഘട്ടമായി സോളിങ് നടത്തിയിരുന്നു. ഇതുവരെ ടാറിങ് ചെയ്തിട്ടില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡിന്റെ സോളിങ് തകര്‍ന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ സര്‍വിസ് നടത്താന്‍ മടിക്കുകയാണ്. നടവയല്‍ ടൗണില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ചാല്‍ വരാത്ത സ്ഥിതിയാണ്. രൂക്ഷമായ വന്യമൃഗശല്യമുള്ള പ്രദേശമാണ് ചീരവയല്‍കുന്ന്. രാത്രിയായാല്‍ കാട്ടാനക്കൂട്ടം തോട്ടങ്ങളിലേക്കിറങ്ങും. ഇവിടെയുള്ള നിരവധി കര്‍ഷകരുടെ വിളകള്‍ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് വരെ കാട്ടാനക്കൂട്ടം എത്തുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഇതിനിടക്കാണ് റോഡിന്റെ തകര്‍ച്ചയും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഒ.ആര്‍ കേളു എം.എല്‍.എക്ക് നിവേദനം നല്‍കി.
സന്ധ്യയോടെ കാട്ടാനക്കൂട്ടം ചീരവയല്‍ കുന്നിലെ കൃഷിയിടങ്ങളിലെത്തും. റോഡരികിലും കാട്ടാനകളുണ്ടാവും. കാട്ടാനകളെ കണ്ടുമുട്ടിയാല്‍ വേഗത്തില്‍ വാഹനം ഓടിച്ച് രക്ഷപെടാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പലപ്പോഴും ആളുകള്‍ തലമുടിനാരിഴക്കാണ് രക്ഷപെട്ടത്. റോഡിന്റെ തകര്‍ച്ചയും വന്യമൃഗശല്യവും കാരണം ഈ പ്രദേശത്തുള്ളവര്‍ക്ക് രാത്രിയില്‍ എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കാനും പ്രയാസമാണ്.
ചീരവയല്‍ പ്രദേശവാസികളില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണ്. റോഡ് തകര്‍ന്നത് കാരണം ഗുഡ്‌സ് വാഹനങ്ങള്‍ വരാത്തത് കാരണം കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാതെ കര്‍ഷകരും ദുരിതത്തിലാണ്. റോഡ് തകര്‍ന്നതിനാല്‍ ചീരവയല്‍ പാടശേഖരവും തരിശായി കിടക്കുകയാണ്. റോഡ് നന്നാക്കിയാല്‍ വയലിലേക്ക് യന്ത്രങ്ങളിറക്കി നെല്‍കൃഷി നടത്താന്‍ കഴിയും. ഏകദേശം 15 ഏക്കറോളം വയലാണ് തരിശായി കിടക്കുന്നത്. നിലവില്‍ ഏകദേശം 300 മീറ്ററിലധികം ദൂരം തലച്ചുമടായിട്ടുവേണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാഹനത്തിലെത്തിക്കാന്‍. റോഡ് നന്നാക്കിയാല്‍ വയലരികു വരെ വാഹനങ്ങളെത്തും. പനമരം- നടവയല്‍ റോഡില്‍ നിന്ന് 800 മീറ്ററോളം ദൈര്‍ഘ്യമുള്ള ഈ സോളിങ് റോഡ് ചീരവയല്‍ വയല്‍ശേഖരത്തിലാണ് ചെന്നു ചേരുന്നത്. ഈ വയലിനോട് ചേര്‍ന്നാണ് നരസിപുഴ ഒഴുകുന്നത്. ഇതിനോട് തൊട്ടുചേര്‍ന്ന് നെയ്ക്കുപ്പ വനവും സ്ഥിതി ചെയ്യുന്നത്. ഏഴാം വാര്‍ഡില്‍ പാടിക്കുന്ന് -ചീരവയല്‍ റോഡ് മാത്രമേ ഇനി ടാര്‍ ചെയ്യാന്‍ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാ റോഡുകളും ഭാഗീകമായിയെങ്കിലും ടാറിങ് നടത്തിയിട്ടുണ്ട്. നരസിപുഴയുടെ തീരത്ത് ആദിവാസി കോളനിയുണ്ട്. പാടിക്കുന്ന് ഊരാളി ആദിവാസി കോളനിയിലുള്ളവരുടെ ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. പാടിക്കുന്ന് കോളനിയിലെ ആദിവാസികള്‍ പുഴയരികിലുള്ള ഈകോളനിയുമായി ബന്ധപ്പെടാനും ചീരവയല്‍ റോഡിനെ ആശ്രയിക്കുന്നുണ്ട്.
കൂടാതെ പാടിക്കുന്ന് ആദിവാസി കോളനിക്കാര്‍ ഉപജീവനവുമായി ബന്ധപ്പെട്ട് ചീരവയല്‍ പാടശേഖരം, നരസിപുഴ, നെയ്ക്കുപ്പ വനം എന്നിവയുമായി ബന്ധപ്പെടാന്‍ ആശ്രയിക്കുന്നതും പാടിക്കുന്ന് - ചീരവയല്‍ റോഡിനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."