അരങ്ങൊഴിഞ്ഞ് ബാണാസുര ടൂറിസം മേഖല
പടിഞ്ഞാറത്തറ: ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാല്‍ നിറഞ്ഞ് കവിഞ്ഞിരുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പടിഞ്ഞാറത്തറയിലെ ബാണാസുര അരങ്ങൊഴിഞ്ഞ നിലയിലായി.
നിലവില്‍ ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികളുടെ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ദിനേന മുവ്വായിരത്തിലധികം ആളുകള്‍ എത്തിയിരുന്ന കേന്ദ്രത്തിലാണ് ഇരുനൂറ് സന്ദര്‍ശകര്‍ പോലും ഇല്ലാത്ത നിലയിലേക്ക് മാറിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 35522 പേരും ഓഗസ്റ്റില്‍ 50948 പേരുമായിരുന്നു ഹൈഡല്‍ ടൂറിസം കേന്ദ്രം സന്ദര്‍ശിക്കാനെത്തിയത്.
എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ 22511 പേരും ഓഗസ്റ്റില്‍ 12,562 പേരും മാത്രമാണ് വിനോദസഞ്ചാരികളായെത്തിയത്. മുന്‍ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 58,25,065 രൂപയായിരുന്നു ഹൈഡല്‍ കേന്ദ്രത്തിന് വരുമാനം. എന്നാല്‍ പ്രവേശന ഫീസ് കൂട്ടിയും കൂടുതല്‍ ആക്ടിവിറ്റികള്‍ ഉല്‍പ്പെടുത്തിയിട്ടും ഈ വര്‍ഷം ഇതേകാലയളവില്‍ 29,72,577 രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്. ശക്തമായ മഴയും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും ജില്ല തന്നെ പ്രളയത്തിലകപ്പെടുകയും ചെയ്തതോടെ 13 ദിവസത്തോളം കേന്ദ്രം തുറക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇതോടെ ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന പ്രദേശത്തെയും മറ്റും നിരവധി കുടുംബങ്ങളാണ് വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. കൂടാതെ നിരവധി പേര് തൊഴില്‍ രഹിതരാവുകയും ചെയ്തു. ഹോട്ടലുകളും റോഡരികിലെ ചെറുകിട കച്ചവടവുമെല്ലാം പൂര്‍മായും നിലച്ച അവസ്ഥയിലായി.
തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും വാടക നല്‍കാനും കഴിയാതെ പല കടകളും തുറക്കാറില്ല. ഏറ്റവും ഉയര്‍ന്ന തോതില്‍ സഞ്ചാരികളെത്തുന്ന ഓണം ബലിപെരുന്നാള്‍ ദിവസങ്ങളില്‍ പോലും സഞ്ചാരികളെത്താത്തത് വന്‍ നഷ്ടമാണ് നൂറുകണക്കിന് കച്ചവടക്കാര്ക്കുണ്ടാക്കിയത്.
ഹൈഡല്‍ കേന്ദ്രത്തിന് 29807564 രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇതേനില തന്നെയാണ് മറ്റു ടൂറിസം കേന്ദ്രങ്ങളിലുമുള്ളത്. സഞ്ചാരികളുടെ ഒഴുക്ക് നിലച്ചത് ജില്ലയിലെ പല പ്രദേശങ്ങളിലെയും ഹോട്ടല്‍ തൊഴിലാളികള്‍ക്കും റിസോട്ടില്‍ തൊഴില്‍ ചെയ്തിരുന്ന നിര്‍ധന കുടുംബങ്ങളെയും ഏറെ വലച്ചിരിക്കുകയാണ്.
നിലവില്‍ സാധാരണയില്‍ ഉണ്ടായിരുന്ന കൂലിപ്പണിപോലും നിലച്ചതോടെ ഇനിയെന്ത് എന്ന ചോദ്യചിഹ്നമാണ് ഇവര്ക്ക്മുമ്പിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."