തുപ്പിരിമൂല കോളനിവാസികള്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന കൂരകളില്‍
കോളനി വികസനത്തിന് ചെലവഴിച്ചത് കോടികള്‍
കല്‍പ്പറ്റ: പട്ടികവര്‍ഗ വകുപ്പ് ഹാംലെറ്റ് പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപയുടെ പ്രവൃത്തി നടത്തിയിട്ടും കോട്ടത്തറ തുപ്പിരിമൂല കോളനിയിലുള്ളവര്‍ കഴിയുന്നതു ചോര്‍ന്നൊലിക്കുന്ന കൂരകളില്‍. കോളനിയിലെ അടിസ്ഥാന പ്രശ്‌നങ്ങളായ കുടിവെള്ളം, വൈദ്യുതി, വഴി എന്നിവയും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഈ കോളനിയുടെ കൂടി അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഹാംലെറ്റ് പദ്ധതിയില്‍ പട്ടികവര്‍ഗ വകുപ്പ് ഒരു കോടി ചെലവഴിച്ചത്. ഒരു കോടിയുടെ പ്രവൃത്തി ഒരു കമ്മ്യൂനിറ്റി ഹാളില്‍ ഒതുങ്ങി. കല്ലുമൊട്ടംകുന്ന്-തുപ്പിരിമൂല ഹാംലെറ്റ് പദ്ധതി 2014-15ല്‍ തുടങ്ങിയതാണ്. പദ്ധതിയില്‍പ്പെടുത്തി കല്ലുമൊട്ടംകുന്ന് റോഡ്, കമ്മ്യൂനിറ്റി ഹാള്‍ നിര്‍മാണം എന്നിവയാണ് ആകെ നടത്തിയ പ്രവൃത്തി.
റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുമില്ല. തുപ്പിരിമൂല കോളനിയിലുള്ളവര്‍ ദുരിതം പേറുമ്പോഴാണ് അവിടെ ഒരു രൂപ പോലും ചെലവഴിക്കാതെ തലതിരിഞ്ഞ പ്രവൃത്തികള്‍ ചെയ്തത്. 20 വീടുകളാണ് തുപ്പിരിമൂല കോളനിയിലുള്ളത്. എല്ലാ വീടുകളും ചോര്‍ന്നൊലിക്കുന്നുണ്ട്. ചോര്‍ച്ച തടയാന്‍ പ്ലാസ്റ്റിക്കുകളും തുണികളും കൊണ്ട് വലിച്ചുകെട്ടിയ കൊച്ചു കൂരകളാണിവിടെയുള്ളത്.
കോളനിയിലേക്ക് വഴിയൊരുക്കാന്‍ കഴിയുമെങ്കിലും അതു ചെയ്യാതെയാണ് മറ്റൊരു റോഡിന് ഫണ്ട് അനുവദിച്ചത്. കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കിയിട്ടില്ല.
ഈ കോളനിയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള തുകയുണ്ടായിട്ടും ആദിവാസികള്‍ക്കാവശ്യമില്ലാത്ത പദ്ധതികളാണ് അധികൃതര്‍ നടപ്പാക്കിയത്. പണിയ കോളനിയെ പൂര്‍ണമായും തഴയുകയായിരുന്നു. കോട്ടത്തറ പഞ്ചായത്തില്‍ രണ്ടു ഹാംലെറ്റ് പദ്ധതിയാണ് പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയത്.
രണ്ടും ആദിവാസികള്‍ക്ക് ഉപകരിച്ചില്ല. കരിങ്കുറ്റി-അത്തിക്കുനി സെറ്റില്‍മെന്റാണ് മറ്റൊരു പദ്ധതി. ഇതും ആദിവാസികള്‍ക്ക് ഉപകാരപ്പെടാത്ത തരത്തിലാണ് ചെലവഴിച്ചത്.
കരിങ്കുറ്റി, അത്തിക്കുനി, നാടുകാണിക്കൊല്ലി, ആലക്കണ്ടി, കാവുംമൂട്ടില്‍, പാലുകാപ്പ്, പാലൂക്കര കോളനികളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്.
നാടുകാണിക്കൊല്ലി, ആലക്കണ്ടി, കാവുംമൂട്ടില്‍ പണിയ കോളനികളില്‍ ഒരു പ്രവൃത്തിയും ചെയ്തില്ല. ഈ കോളനികളിലും വാസയോഗ്യമായ വീടുകളില്ല, കുടിവെള്ളമില്ല, കക്കൂസില്ല, വൈദ്യുതിയില്ല.
ഒരു വഴിപോലുമില്ല. കൊച്ചു കൂരകളിലാണിവരും കഴിയുത്. നാടുകാണിക്കൊല്ലിയിലുള്ള ഏഴു കുടുംബങ്ങളും ഇതേ ദുരിതം നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."