പ്രസവ വാര്‍ഡില്‍ സ്ത്രീക്ക് അസഭ്യം: ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി
താമരശ്ശേരി: പ്രസവ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു വിഭാഗത്തില്‍ പ്രവേശിപ്പിച്ച സ്ത്രീയെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. പുതുപ്പാടി വള്ള്യാട് കാരാട്ടുപൊയില്‍ മുഹമ്മദ് നിസാറിന്റെ ഭാര്യ ആയിഷാബിയാണ് പരാതി നല്‍കിയത്. വനിതാ കമ്മിഷന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായാണ് ആയിഷാബിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ആറു പെണ്‍മക്കളുണ്ടെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വേറെ പണിയില്ലേയെന്നും പ്രസവ മെഷീന്‍ ആണോ എന്നും ചോദിച്ച് പരിഹസിച്ചതായി പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ മറ്റു ജീവനക്കാരെ വിളിച്ചുവരുത്തി കേട്ടാലറക്കുന്ന രൂപത്തില്‍ അസഭ്യം പറയുകയും ചെയ്തു. അന്നു രാത്രിയിലും പിറ്റേദിവസം പകലും പരിഹാസം തുടര്‍ന്നു. പ്രസവവേദന കാരണം സഹായം തേടിയപ്പോള്‍ നിനക്ക് പരിചയമുണ്ടെന്നും സ്വയം പ്രസവിച്ചാല്‍ മതിയെന്നും പറഞ്ഞ് സഹായവും ചികിത്സയും നിഷേധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. വീണ്ടും ഗര്‍ഭിണിയായി ഇവിടെയെത്തിയാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.
പ്രസവസമയത്തോ തുടര്‍ന്നോ യാതൊരു സഹായവും ചെയ്യാതെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഏറെ അവശയായാണ് ഇവര്‍ ആശുപത്രി വിട്ടത്. മെഡിക്കല്‍ കോളജ് പൊലിസിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."