മൂന്നാര്‍ സര്‍വകക്ഷി യോഗം തട്ടിപ്പ്: എന്‍. വേണു
വടകര: മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനെന്ന പേരില്‍ നടത്തിയ സര്‍വകക്ഷി യോഗം കൈയേറ്റക്കാരെ രക്ഷിക്കാനുള്ള തട്ടിപ്പുവിദ്യയാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്രമായ നിയമം നിലവിലുള്ളപ്പോള്‍ കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ എല്ലാ സഹായവും ചെയ്ത ഒരു സര്‍ക്കാരാണ് ഒഴിപ്പിക്കലിന്റെ പേരു പറഞ്ഞ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്.
ഭരണ-പ്രതിപക്ഷ നേതാക്കള്‍ വന്‍തോതില്‍ ഭൂമി മൂന്നാറില്‍ വെട്ടിപ്പിടിച്ചിട്ടുണ്ട്. മന്ത്രി എം.എം മണിയുടെ കുടുംബം ഏക്കര്‍കണക്കിന് ഭൂമിയാണ് മൂന്നാറില്‍ കൈയേറിയത്. രാജേന്ദ്രന്‍ എം.എല്‍.എയുടെ കൈവശഭൂമിയും കൈയേറ്റമാണെന്ന് നിയമസഭയില്‍ റവന്യൂ മന്ത്രി രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. അനധികൃത കൈയേറ്റത്തെ ഒഴിപ്പിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള ഭരണ-പ്രതിപക്ഷ ഒത്തുകളിയാണ് സര്‍വകക്ഷി യോഗമെന്ന പേരില്‍ അരങ്ങേറിയത്. ഈ തട്ടിപ്പിനെതിരേ ജനാധിപത്യ കേരളം മുന്നോട്ടുവരണമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."