ദേഹപരിശോധനയുടെ പേരില്‍ അപമാനിക്കല്‍: കര്‍ശന നടപടി വേണമെന്ന് കെ.കെ രമ
കോഴിക്കോട്: നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ഥിനികളുടെ ദേഹപരിശോധനയെന്ന പേരില്‍ ചില പരീക്ഷാകേന്ദ്രങ്ങളില്‍ അടിവസ്ത്രങ്ങള്‍ അഴിപ്പിച്ചതടക്കമുള്ള നടപടികള്‍ അരങ്ങേറിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ കെ.കെ രമ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കനത്ത മാനസിക പീഡനത്തിനാണ് പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ഇരകളായി തീര്‍ന്നത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമാണിത്. പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ ശാസ്ത്രീയമായ മറ്റ് മാര്‍ഗം തേടുകയാണ് വേണ്ടത്. അതിനുപകരം പരീക്ഷാര്‍ഥികളെ അപമാനിക്കുന്ന ദേഹപരിശോധനയാണ് നടന്നിരിക്കുന്നത്. ദേഹപരിശോധനയുടെ പേരില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചവരുടെ പേരില്‍ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാകണമെന്ന് രമ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."