സര്‍ക്കാര്‍നയം നടപ്പാക്കും: സെന്‍കുമാര്‍
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പൊലിസ് നയം അതേപടി നടപ്പാക്കുമെന്ന് പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. ഇന്നലെ വൈകിട്ട് നാലരയ്ക്ക് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് പൊലിസിന്റെ ജോലിയെന്ന് കൂടിക്കാഴ്ചക്കു ശേഷം പുറത്തിറങ്ങിയ സെന്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലിസ് മേധാവിയായി അവശേഷിക്കുന്ന ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അതനുസരിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ നയങ്ങള്‍ സര്‍ക്കാരാണ് തീരുമാനിക്കുന്നത്. പൊലിസിനെ സംബന്ധിച്ചിടത്തോളം നയങ്ങള്‍ നിലവിലുള്ളതാണ്. പുതിയ നയങ്ങള്‍ ഉണ്ടാക്കുന്നത് പൊലിസിന്റെ ആഭ്യന്തരകാര്യമല്ല. ഉള്ള നയങ്ങളും നിയമങ്ങളും കൃത്യമായി നടപ്പാക്കുകയെന്നതാണ് പൊലിസിന്റെ ജോലി.
കൂടിക്കാഴ്ചയില്‍ സുപ്രിംകോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരുമായി പതിനൊന്ന് മാസം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ വീണ്ടും സംസ്ഥാന പൊലിസ് മേധാവിയായി നിയമിതനായ സെന്‍കുമാര്‍ ആദ്യമായാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും എതിരേയുള്ള കുറ്റകൃത്യങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ കൈകാര്യം ചെയ്യണമെന്നും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാന്‍ പാടില്ലെന്നുമുള്ള സര്‍ക്കാരിന്റെ പൊലിസ് നയം മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ പ്രശ്‌നങ്ങളില്‍ ബലപ്രയോഗം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ പരമാവധി ആത്മസംയമനം പാലിക്കണം, പൊലിസ് സ്റ്റേഷനുകളില്‍ നടപ്പാക്കിയിട്ടുള്ള പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കണം, മുന്‍വിധികളോടെ യു.എ.പി.എ ചുമത്താന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി ഡി.ജി.പിക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."