വിഭജാനനന്തര ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രി; ചന്ദ്രബാബു നായിഡു പടിയിറങ്ങുന്നു
അമരാവതി: വിഭജനാന്തര ആന്ധ്രാ പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയെന്ന പദവി അവശേഷിപ്പിച്ച് ചന്ദ്രബാബു നായിഡു പടിയിറങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ന് രാത്രിയോടെ നായിഡു രാജിക്കത്ത് സമര്‍പിക്കും.
ആന്ധ്രാ തെലങ്കാനാ വിഭജനത്തിനു മുന്‍പും ശേഷവുമായി ഏറ്റവും കൂടുതല്‍ കാലം ആന്ധ്രാ മുഖ്യമന്ത്രിയായ വ്യക്തിയെന്ന സവിശേഷതയ്ക്കും നായിഡു അര്‍ഹനാണ്. 1994 മുതല്‍ 2004 വരെ രണ്ട് ഘട്ടങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന മുഖ്യമന്ത്രിയായ അദ്ദേഹം ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള, സംസ്ഥാനത്തെ ഐ.ടി വ്യവസായ വികസനമടക്കമുള്ള നടപടികളുടെ പേരില്‍ ശ്രദ്ധേയനായി. ഐ.ടി. പോലുള്ള അന്നത്തെ ആധുനിക വ്യവസായങ്ങള്‍ അവതരിപ്പിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിച്ച മുഖ്യമന്ത്രിയെന്ന നിലയിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ച് കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെന്ന നിലയിലും അന്ന് ചന്ദ്രബാബു നായിഡു വിലയിരുത്തപ്പെട്ടു.
2014ല്‍ ആന്ധ്രയില്‍നിന്ന് തെലങ്കാന വിട്ടുപോയ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും നായിഡു അധികാരത്തിലെത്തി മുഖ്യമന്ത്രിയായി. 2014ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ സമയത്ത് എന്‍.ഡി.എ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി ഒന്നരവര്‍ഷം മുന്‍പ് എന്‍.ഡി.എയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു. വിഭജന ശേഷം ഹൈദരാബാദ് നഗരമെന്ന പ്രധാന വരുമാന ശ്രോതസ്സ് നഷ്ടപ്പെട്ട ആന്ധ്രാ പ്രദേശിന് പ്രത്യേക സംസ്ഥാന പദവി വോണമെന്ന ആവശ്യത്തോട് കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാര്‍ നിഷേധ സമീപനം സ്വീകരിച്ചതടക്കമുള്ള കാരണങ്ങളാണ് ടി.ഡി.പിയുടെ തെറ്റിപ്പിരിയലിലേക്ക് നയിച്ചത്.
എന്‍.ഡി.എയില്‍ നിന്ന് ടി.ഡി.പി വേര്‍പിരിഞ്ഞ ശേഷം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാന്‍ ശ്രമിച്ച നേതാവെന്ന നിലയില്‍ ദേശീയ തലത്തില്‍ നായിഡു ശ്രദ്ധേയനായി. മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കൊപ്പം കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തുന്ന മുഖ്യമന്ത്രിയെന്ന നിലയിലും കെജ്‌രിവാള്‍ കഴിഞ്ഞ കുറേ മാസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിച്ചു. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പോലും പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ നടത്തി. വോട്ടിങ് മെഷീനുകളില്‍ തിരിമറിക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ വി.വി.പാറ്റ് മെഷീനുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്നതിലും നായിഡു നേതൃപരമായ പങ്ക് വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."