718 ദിവസം ബഹിരാകാശത്ത് ചുറ്റിക്കറങ്ങിയ രഹസ്യ വിമാനം തിരിച്ചെത്തി
വാഷിങ്ടണ്‍: 718 ദിവസമായി ബഹിരാകാശത്ത് ചുറ്റിക്കറങ്ങിയ യു.എസ് എയര്‍ഫോഴ്‌സിന്റെ രഹസ്യവിമാനം എക്‌സ് 37ബി ഭൂമിയിലിറങ്ങി. മധ്യ ഫ്‌ളോറിഡയിലാണ് വിമാനം തിരിച്ചിറങ്ങിയത്.
ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ (ഒ.ടി.വി-4) ന്റെ ഭാഗമായാണ് വിമാനം കെന്നഡി സ്‌പേസ് സെന്ററില്‍ ഇറങ്ങിയത്. 2015 ലാണ് വിമാനം ബഹിരാകാശത്തേക്ക് പോയത്. രഹസ്യ നീരീക്ഷണത്തിനുള്ള സെന്‍സറുകള്‍ ഘടിപ്പിച്ചതാണ് വിമാനമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ഫോഴ്‌സിനു വേണ്ടി നാസ രണ്ട് ഉപകരണങ്ങള്‍ വിമാനത്തില്‍ ഘടിപ്പിച്ചു നല്‍കിയിട്ടുണ്ട്.
1999 ലാണ് ഈ ശൃംഖലയില്‍പ്പെട്ട ആദ്യ വിമാനം പരീക്ഷിച്ചത്. എന്നാല്‍ എന്താണ് വിമാനത്തിന്റെ ദൗത്യമെന്നത് ദുരൂഹമാണ്. ഒ.ടി.വി-1 224 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. ഒ.ടി.വി2, 3 എന്നിവ 468 ഉം 675 ദിവസവും കഴിഞ്ഞാണ് തിരിച്ചിറങ്ങിയത്.
നാലാമത്തെയും ഏറ്റവും കൂടുതല്‍ കാലവും സഞ്ചാരം നടത്തിയ റെക്കോര്‍ഡാണ് ഒ.ടി.വി-4 നുള്ളത്. നാസയുടെ പദ്ധതിയായി തുടങ്ങിയ ഇത് പിന്നീട് പെന്റഗണിന് കൈമാറുകയായിരുന്നു. ബോയിങാണ് വിമാനം ചെറിയ രൂപത്തില്‍ നിര്‍മിച്ചത്. സ്‌പേസ് ഷട്ടിലിന്റെ രൂപമാണിതിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."