കാസര്‍കോട്: മൂന്നര പതിറ്റാണ്ടു കാലത്തെ ഇടത് ആധിപത്യം തകര്‍ത്ത് ഉണ്ണിത്താന്‍
കാസര്‍കോട്: കേരളമാകെ വീശിയടിച്ച യു.ഡി.എഫ് അനുകൂല കൊടുങ്കാറ്റില്‍ ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയായ കാസര്‍കോടും തകര്‍ന്നടിഞ്ഞു. കൊല്ലത്ത് നിന്നെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പടയോട്ടത്തില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പരമ്പരാഗത ഇടതുകോട്ടകളില്‍ വലിയ വിള്ളലുണ്ടായി. യു.ഡി.എഫിന്റെ ഉരുക്കുകോട്ടകളില്‍ വലിയ ലീഡ് നേടിയെടുക്കാനും ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളില്‍ വലിയ തോതില്‍ വോട്ട് നേടാനായതുമാണ് ഒരിക്കലും യു.ഡി.എഫ് വിജയിക്കില്ലെന്ന് കരുതിയ മണ്ഡലത്തില്‍ ഉണ്ണിത്താന് അനായാസ വിജയം ഉറപ്പ് വരുത്തിയത്.
അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായെത്തി ഉജ്വലവിജയമാണ് ഉണ്ണിത്താന്‍ നേടിയിരിക്കുന്നത്. ഇ.കെ നായനാരേ കടന്നപ്പള്ളി രാമചന്ദ്രന്‍ മലര്‍ത്തിയടിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ അട്ടിമറിയാണ് പാര്‍ലമെന്റിലേക്കുള്ള കന്നി മത്സരത്തില്‍ ഉണ്ണിത്താന്‍ നടത്തിയിരിക്കുന്നത്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് കഴിഞ്ഞ തവണ ടി. സിദ്ദീഖ് തലനാരിഴയ്ക്ക് കൈവിട്ട മണ്ഡലം ഉണ്ണിത്താന്‍ തിരിച്ചു പിടിച്ചിരിക്കുന്നത്.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ മികച്ച ലീഡ് നേടാനായത് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഉണ്ണിത്താനെ മുന്നിലെത്തിച്ചു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട പെരിയ സ്ഥിതി ചെയ്യുന്ന ഉദുമ നിയോജക മണ്ഡലത്തില്‍ വന്‍ ലീഡ് നേടാനായതും ഉണ്ണിത്താനെ തുണച്ചു. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ നിയോജക മണ്ഡലങ്ങളില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുന്ന ഭൂരിപക്ഷത്തെ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് മറികടക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്ക്കൂട്ടല്‍. എന്നാല്‍ ഈ മൂന്ന് മണ്ഡലങ്ങളിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ കുതിപ്പ് ഇടതു കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചു. 40,000ത്തിനടുത്ത് ഭൂരിപക്ഷം പ്രതീക്ഷിച്ച പയ്യന്നൂര്‍, കല്ല്യാശേരി നിയോജക മണ്ഡലങ്ങളില്‍ അതിന്റെ പകുതി പോലും നേടാന്‍ ഉണ്ണിത്താന്റെ പടയോട്ടത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയ്ക്ക് നേടാനായില്ല.
വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ച തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടും ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്കായി. ഇടതിന്റെ പൊന്നാപുരം കോട്ടകളായ കല്ല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ ഇടതുകേന്ദ്രങ്ങളില്‍ നിന്നെല്ലാം വോട്ടര്‍മാര്‍ ഉണ്ണിത്താനെ തുണച്ചതാണ് കാസര്‍കോടെന്ന ഇടതിന്റെ ഉരുക്കുകോട്ടയില്‍ ഉണ്ണിത്താന് ഇടിച്ച് കയറാനായത്. അതേസമയം ഉദുമ നിയോജക മണ്ഡലത്തില്‍ 10000ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം ഉണ്ണിത്താന് നേടാനായി.
കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉജ്ജ്വലമായ മുന്നേറ്റം നടത്താന്‍ യു.ഡി.എഫിനായി. വ്യക്തമായ ഭൂരിപക്ഷം രണ്ട് മണ്ഡലങ്ങളിലും നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്കായപ്പോള്‍ ഇടതുമുന്നണി ഈ രണ്ട് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രണ്ടിടത്തും എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തി. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഇടതു കേന്ദ്രങ്ങളില്‍ നടന്ന വോട്ട് ചോര്‍ച്ചയും യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ കേന്ദ്രീകരിച്ചതുമാണ് ഇടതിന്റെ പൊന്നാപുരം കോട്ട കീഴടക്കാന്‍ ഉണ്ണിത്താനെ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."