14 വര്‍ഷം 43 രാജ്യങ്ങള്‍; ഒടുവില്‍ ആ സഞ്ചാരവും നിലച്ചു
കൊണ്ടോട്ടി: മൊയ്തു കിഴിശ്ശേരി, കിതപ്പറിയാത്ത കാലത്ത് കാടും കടലും തടാകങ്ങളും മരുഭൂമിയും താണ്ടിക്കടന്ന അത്യപൂര്‍വ സാഹസിക സഞ്ചാരി.
വിസയും പാസ്‌പോര്‍ട്ടുമില്ലാതെ പത്തിനും 25നും പ്രായത്തിനിടെ മൊയ്തുവെന്ന ലോകസഞ്ചാരി അനുഭവിച്ചറിഞ്ഞത് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളിലായി 43 രാജ്യങ്ങള്‍. ഇവയില്‍ 24 രാജ്യങ്ങളിലും നുഴഞ്ഞുകയറ്റക്കാരന്‍. അതിനിടെ റഷ്യക്കെതിരേ അഫ്ഗാന്‍ മുജാഹിദികള്‍ക്കൊപ്പം ഗറില്ലാ പേരാളി, ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാനുവേണ്ടി സൈനിക വേഷം, തുര്‍ക്കിയിലും ഇറാനിലും മാധ്യമപ്രവര്‍ത്തകന്‍, പല രാജ്യങ്ങളിലും ചാരനായി മുദ്രകുത്തപ്പെട്ട് ജയിലിലും...
ഒടുവില്‍, കരളുറപ്പിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് മൊയ്തു ബാക്കിവച്ചത് ലോക സഞ്ചാരത്തിനിടയില്‍ ചരിത്രം വര്‍ത്തമാനമാക്കുന്ന പുരാവസ്തുക്കളുടെ ശേഖരം, അറബിക് കലിഗ്രഫി, അനുഭവങ്ങള്‍ അക്ഷരങ്ങളാക്കിയ ഏഴു പുസ്തകങ്ങള്‍, ഇരുപതോളം ഭാഷകള്‍ ഇവയൊക്കെയായിരുന്നു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ കിഴിശ്ശേരി-മഞ്ചേരി റോഡിനു വിളിപ്പാടകലെയുള്ള റോസ് വില്ലയിലെ ആ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു. പത്താം വയസില്‍ പിതാവിന്റെ വിയോഗത്തോടെ ദാരിദ്ര്യം കുടിയേറിയപ്പോള്‍ ആ അഞ്ചാം ക്ലാസുകാരന്‍ 50 രൂപയുമായി നാടുവിട്ടു.
കോഴിക്കോട്ടുനിന്ന് ദില്ലിയിലേക്കായിരുന്നു ആദ്യയാത്ര. അവിടെനിന്ന് 17ാം വയസില്‍ പാകിസ്താനില്‍, പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. അഫ്ഗാന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് അധിനിവേശത്തിനു കീഴിലായിരുന്നു. അന്ന് റഷ്യക്കെതിരേ ആയുധ പരിശീലനത്തിനു മൊയ്തുവും ചേര്‍ന്നു. ശേഷം ഇറാനിലെത്തിയപ്പോള്‍ ഇറാഖിന്റെ ചാരനായി പിടിക്കപ്പെട്ട് ജയിലിലായി.
തുടര്‍ന്ന് ഇറാഖിനെതിരേയുള്ള യുദ്ധത്തിലും പങ്കെടുത്തു. അതിനിടെ വിദ്യാര്‍ഥിയാകാനും മറന്നില്ല. ബാഗ്ദാദ് യൂനിവേഴ്‌സിറ്റിയിലും ഇസ്താംബൂളിളിലുംപഠനം നടത്തി.
തുര്‍ക്കിയിലെ മില്ലി കസത്ത ദിനപത്രത്തില്‍ ലേഖകനായും ഇസ്താംബൂളിലും സിറിയ, ഇറാഖ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് ഗൈഡായും പ്രവര്‍ത്തിച്ചു.യാത്രാദാഹം തീര്‍ന്ന് 25ാം വയസില്‍ കോഴിക്കോട്ട് നാടണയുമ്പോള്‍ ബാക്കിയായത് 4 പത്ത് പൈസ മാത്രമായിരുന്നു.
തുടര്‍ന്ന് മദ്‌റസാ അധ്യാപകനായെങ്കിലും ജീവിതം കരുപിടിപ്പിക്കാന്‍ വീണ്ടും സഊദിയിലേക്ക്. അമേരിക്കന്‍ കമ്പനിയിലും അല്‍ മഗ്‌റബി കമ്പനിയിലും ജോലി. ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. സഞ്ചാരത്തിനിടയില്‍ പുരാവസ്തുക്കള്‍ പലതും ശേഖരിച്ചു.
ഇവ പിന്നീട് തന്റെ ചികിത്സാവശ്യാര്‍ഥം കൊണ്ടോട്ടി മൊയീന്‍കുട്ടി വൈദ്യര്‍ അക്കാദമി ഏറ്റെടുക്കുകയായിരുന്നു.
ഒടുവില്‍ ആ ലോക സഞ്ചാരം നിലയ്ക്കുമ്പോള്‍ ഒരു സാഹസിക ചരിത്രാന്വേഷിയെ കൂടിയാണ് നഷ്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."