നിധീഷ് മണ്ണോടു ചേര്‍ന്നു, നാസറിന്റെയും സജീറിന്റെയും കരുതലില്‍
സുല്‍ത്താന്‍ ബത്തേരി: കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാവരും കൈവിട്ട യുവാവിന്റെ മൃതദേഹം മണ്ണിലേക്കിറക്കി രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. സുല്‍ത്താന്‍ ബത്തേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ നാസര്‍ കാപ്പാടന്റെയും സജീര്‍ ബീനാച്ചിയുടേയും കരങ്ങളാണ് ഈ നല്ലമാതൃകക്ക് പിന്നില്‍.
വിഷം ഉള്ളില്‍ ചെന്ന് മരിച്ച തമിഴ്‌നാട് അയ്യന്‍കൊല്ലി സ്വദേശിയായ നിധീഷി(27)ന്റെ മൃതദേഹമാണ് ഇവരുടെ കരുതലില്‍ സ്വദേശത്തെ മണ്ണോട് ചേര്‍ന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷം അകത്ത് ചെന്ന നിലയില്‍ നിധീഷിനെ അച്ചനും അമ്മയും സഹോദരനും ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയിലെത്തിയപ്പോഴേക്കും നിധീഷ് മരിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ നിധീഷിനെ കൊണ്ടുവന്ന രക്ഷിതാക്കളും സഹോദരനും നിരീക്ഷണത്തിലായി.
കൊവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയാറായതുമില്ല. ഇതിനിടെ ആശുപത്രി അധികൃതര്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെങ്കിലും അവരും മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
ഇതോടെ മൃതദേഹം മോര്‍ച്ചറയില്‍ സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. ഈ വിവരമറിഞ്ഞാണ് മെസ്റ്റിന്റെ (മുസ്‌ലിം ലീഗ് എമര്‍ജന്‍സി സര്‍വിസ്) ആംബുലന്‍സ് ഡ്രൈവര്‍മാരായ നാസര്‍ കാപ്പാടനും സജീര്‍ ബീനാച്ചിയും ആശുപത്രിയിലെത്തുന്നത്. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണെന്ന് മനസിലായതോടെ ഇവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇരുവരും പി.പി.ഇ കിറ്റ് ധരിച്ച് മോര്‍ച്ചറിയിലെ ഫ്രീസറില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് അണു നശീകരണം നടത്തി. പ്രത്യേക ബാഗിലാക്കി സംസ്‌കരിക്കുന്നതിനായി നിധീഷിന്റെ സ്വദേശമായ അയ്യംകൊല്ലിയിലേക്ക് കൊണ്ടുപോയി.
അയ്യന്‍കൊല്ലിയില്‍ എത്തിച്ച മൃതദേഹം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുവരും ചേര്‍ന്ന് മറവ് ചെയ്യുകയായിരുന്നു. അവസാനമായി നിധീഷിനെ ഒരു നോക്ക് കാണാന്‍ ബന്ധുക്കളോ നാട്ടുകാരോ ആരും തന്നെ എത്തിയിരുന്നില്ലന്ന് നാസറും സജീറും പറഞ്ഞു.
കൊവിഡ് മഹാമാരി തീര്‍ക്കുന്ന അകലങ്ങള്‍ക്കിടയിലും സഹജീവിയെ ചേര്‍ത്തുപിടിച്ച ഇവരുടെ നല്ല മനസിന് നന്ദിയര്‍പ്പിക്കുകയാണ് കുടുംബവും ആശുപത്രി അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."