ലൈഫ് മിഷന്: വിജിലന്‍സ് സന്തോഷ് ഈപ്പന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില്‍ വിജിലന്‍സില്‍ നിന്ന് വസ്തുതകള്‍ മറച്ചുവച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കണ്ട കാര്യം സന്തോഷ് ഈപ്പന് വിജിലന്‍സില്‍ നിന്ന് മറച്ചുവെച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് രണ്ടിന് സ്വപ്നയുടെ നിര്‍ദേശപ്രകാരം ശിവശങ്കറിനെ കണ്ടിരുന്നുവെന്നാണ് സന്തോഷ് ഈപ്പന് ഇ.ഡിക്കു നല്കിയ മൊഴി. ഇക്കാര്യം പക്ഷേ വിജിലന്‍സില്‍ നിന്നും മറച്ചു വച്ചു. ഈ ദിവസമാണ് കമ്മിഷന് കൈമാറിയതെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി.
അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ സുഹൃത്ത് യദുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഫ്ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ ലഭിച്ച യൂണിടാക്കിലെ ജീവനക്കാരനായിരുന്നു യദു. സന്ദീപ് വഴി സ്വപ്നയെ പരിചയപ്പെടാന്‍ സഹായിച്ചത് യദുവാണെന്ന് സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു. കരാര്‍ ലഭിക്കാനായി 60 ലക്ഷം രൂപ സന്ദീപിന് നല്‍കിയെന്നും മൊഴി നല്കി. സന്ദീപിന് ലഭിച്ച കമ്മിഷനില്‍ നിന്നും തനിക്കുള്ള വിഹിതം നല്‍കിയില്ലെന്നാണ് യദുവിന്റെ മൊഴിയെന്നാണ് സൂചന. പക്ഷേ കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് യദുവും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് വിവരം. വടക്കാഞ്ചേരിയില്‍ നിര്‍മാണം നടക്കുന്ന ഫ്ളാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."