ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം: പഠനത്തിന് ശൂറാ കൗണ്‍സില്‍ ശിപാര്‍ശ
ജിദ്ദ : സഊദിയില്‍ വ്യാപാര കേന്ദ്രങ്ങള്‍ക്കു സമീപമുള്ള മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം അഞ്ചു മിനിറ്റ് ആയി കുറക്കുന്ന കാര്യം പഠിക്കാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശം.
ഉപയോക്താക്കളുടെയും വ്യാപാരികളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണിത്. ഇസ്ലാമികകാര്യ മന്ത്രാലയത്തോടാണ് കൗണ്‍സില്‍ ഇതു സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടത്.
ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറക്കുന്ന കാര്യം പഠിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശക്ക് അനുകൂലമായി 150 കൗണ്‍സിലിലെ 121 അംഗങ്ങള്‍ വോട്ടു ചെയ്തു. ശുപാര്‍ശ പാസാകുന്നതിന് 76 അംഗങ്ങളുടെ പിന്തുണ മതിയായിരുന്നു.
കൗണ്‍സില്‍ അംഗം അല്സുബൈത്തിയാണ് ശുപാര്‍ശ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമാണ് മന്ത്രാലയത്തിന്റെ അധികാര പരിധിയില്‍ വരുന്ന ഏതാനും കാര്യങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."