അഞ്ചുസീറ്റിലൊതുങ്ങി ഇന്ത്യന്‍ ഇടതുപക്ഷം
കൊല്‍ക്കത്ത: സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ബദലായി വളരേണ്ട ഇന്ത്യന്‍ ഇടതുപക്ഷം മെലിഞ്ഞുണങ്ങി. സി.പി.എമ്മിന്റെ മൂന്നും സി.പി.ഐയുടെ രണ്ടും കൂട്ടി ഇടതുപക്ഷത്തിന്റെ സാന്നിധ്യം അഞ്ചുസീറ്റിലൊതുങ്ങി.
ബംഗാളിലും ത്രിപുരയിലും അടിത്തറയിളകിയപ്പോള്‍ സി.പി.എമ്മും ഇടതുപക്ഷവും ഏറെ പ്രതീക്ഷിച്ച സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ കേരളത്തിലും പരിതാപകരമായി സ്ഥിതി. 1967ല്‍ ലോക്‌സഭയില്‍ സി.പി.എം എം.പിമാരുടെ അംഗബലം 19 ആയിരുന്നു. 1971ല്‍ 25 ആയി ഉയര്‍ന്നു. 1977ല്‍ 22 ആയി കുറഞ്ഞു.
1980ല്‍ 37 ആയെങ്കിലും 1984ല്‍ 22, 1989ല്‍ 33, 1991ല്‍ 35, 1996ല്‍ 32, 1998ല്‍ 32, 1999ല്‍ 33. 2004ല്‍ 43, 2009ല്‍ 16 എന്നിങ്ങനെയായിരുന്നു അംഗബലം. ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ അംഗബലം ലോക്‌സഭയില്‍ ഉണ്ടായിരുന്നത് 2004ലായിരുന്നു- 59. 1991ല്‍ 54, 1971ല്‍ 53, 1996ല്‍ 52 എന്നിങ്ങനായിരുന്നു ഇടതുശക്തി. 2004ല്‍ സി.പി.എമ്മിന്റെ സമ്പാദ്യം 43 സീറ്റുകളുമായിരുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ച ഇടതുപക്ഷം, ഇന്ത്യ-യു.എസ് ആണവ കരാറിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയായിരുന്നു.
നാല് പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ പതനമാണ് സി.പി.എമ്മിന് ബംഗാളില്‍ നേരിടേണ്ടി വന്നത്. മമതാ ബാനര്‍ജി സംസ്ഥാന ഭരണം പിടിച്ചതു മുതല്‍ പിന്നീട് സി.പി.എമ്മിന് തിരിച്ചുവരാനുള്ള ഒരു സാഹചര്യവും ഇവിടെ ഉണ്ടായില്ല. 1977 മുതല്‍ 2011വരെ 34 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം നാമവശേഷമായി മാറി. പല നേതാക്കളും ഇപ്പോള്‍ ബി.ജെ.പിയിലോ തൃണമൂല്‍ കോണ്‍ഗ്രസിലോ ചേക്കേറി.
അതേസമയം, ഉത്തരേന്ത്യ ഏറെക്കുറേ കീഴടക്കി ബംഗാള്‍ ലക്ഷ്യംവച്ചെത്തിയ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയാതെ സി.പി.എം കാഴ്ചക്കാരായി നിന്നപ്പോള്‍ മമതാ ബാനര്‍ജിയാണ് ആ പണിചെയ്തത്.
16 സീറ്റാണ് ബംഗാളില്‍ ബി.ജെ.പി നേടിയത്. ത്രിപുര പിടിച്ച ബി.ജെ.പി ഇനി ബംഗാളും പിടിക്കുമെന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രചാരണായിരുന്നു സംസ്ഥാനത്ത് നടത്തിയത്. ഇതോടെ നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബംഗാളില്‍ തമ്പടിച്ചു.
അമിത്ഷായുടെ റാലിക്ക് മമത അനുമതി നിഷേധിച്ചു. പലതവണ സംഘര്‍ഷമുണ്ടായി, മോദിയും മമതയും തമ്മില്‍ തുടര്‍ച്ചയായ വാക്‌പോരും വെല്ലുവിളിയുമുണ്ടായി. ഈ സമയമൊക്കെയും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു സി.പി.എമ്മും കോണ്‍ഗ്രസും. അതു ഇന്നലത്തെ ഫലത്തിലും പ്രതിഫലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."