കോടതിയലക്ഷ്യക്കേസ്: വിജയ്മല്യ കുറ്റക്കാരനെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിജയ്മല്യ കുറ്റക്കാരനെന്ന് സുപ്രിം കോടതി. ജൂലൈ പത്തിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. വായ്പാ തട്ടിപ്പ് കേസിലാണ് കോടതി വിധി.
ബ്രിട്ടനില്‍ നിന്ന് മല്യയെ നിയമപ്രകാരം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നതിന് ഇടയിലാണ് കോടതി ഉത്തരവ്. സുപ്രിം കോടതിയില്‍ ഹാജരാകാതിരുന്നാല്‍ കോടതിയ ലക്ഷ്യത്തില്‍ മല്യക്ക് തടവും പിഴയും വിധിച്ചേക്കും.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി 9000 കോടിരൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെയാണ് മല്യ നാടുവിടുകയായിരുന്നു. മല്യക്ക് 40 മില്യണ്‍ ഡോളര്‍(258 കോടി) രൂപ ഡിയാഗോയില്‍ നിന്ന് കിട്ടിയെന്നും കടം വീട്ടുന്നതിന് പകരം ഇത് മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നും ബാങ്കുകള്‍ പരാതിയില്‍ കോടതിയെ ബോധിപ്പിച്ചു.
സ്കോട്ലാന്ഡ് യാര്‍ഡ് പൊലിസ് കഴിഞ്ഞ മാസം മല്യയെ പിടികൂടിയിരുന്നു. ഇന്ത്യക്ക് മല്യയെ കൈമാറാന്‍ ബ്രിട്ടന് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മല്യയുടെ അറസ്റ്റ് നടന്നതും മല്യയെ വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയതും. ബ്രിട്ടീഷ് സര്‍ക്കാര്‍ എക്സ്ട്രാഡിഷന്‍( അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്മെന്റിന് തിരിയെ ഏല്പിച്ചുകൊടുക്കല് ) നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിജയ് മല്യക്കെതിരെ ഡല്‍ഹി കോടതിയടക്കം രാജ്യത്തെ വിവിധ കോടതികളും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ കോടതി യുബി ഗ്രൂപ്പ് ചെയര്‍മാനായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."