ഉത്സവാഘോഷങ്ങളില്‍ കൂട്ടം ചേരണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെട്ടിട്ടില്ല: അടുത്ത രണ്ടുമാസം നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. അടുത്ത രണ്ട് മാസം നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ വരുന്ന ആഴ്ചകളില്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഉത്സവ-ആഘോഷാവസരങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും കൂടുതല്‍ ഇടപഴകുന്നതും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണമാകും. കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുന്നറിയിപ്പ് നല്‍കിയത്.
വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ചസംഭവിക്കുന്നത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്ന് ആശങ്കയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.കേരളം മാത്രമല്ല മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് പങ്കുണ്ട്.
ഇതോടൊപ്പം ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യവും കണക്കിലെടുക്കണമെന്നും ശൈത്യകാലത്ത് കൊവിഡ്
വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."