ഓപണ്‍ സര്‍വകലാശാല വി.സി നിയമനം വിവാദമാക്കുമ്പോള്‍
ജാതി, മതം തുടങ്ങിയ വിഭാഗീയതകള്‍ക്കെതിരേ ജ്ഞാനവും അനുകമ്പയും അടിത്തറയാക്കി പരിഷ്‌കൃത മനുഷ്യരുടെ നവലോകം നിര്‍മിക്കാന്‍ വാക്കും പ്രവൃത്തിയും സമര്‍പ്പിച്ച മഹാനായ ശ്രീനാരായണഗുരുവിന്റെ പേരില്‍ സ്ഥാപിതമായ ഓപണ്‍ സര്‍വകലാശാലയിലെ വി.സി നിയമനം വിവാദമാക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. പതിനാലാമത് കേരള സ്റ്റേറ്റ് സര്‍വകലാശാലയായാണ് ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല സ്ഥാപിതമായിട്ടുള്ളത്. അതിലെ വി.സിയായാണ് ഡോ. മുബാറക് പാഷ നിയമിതനായത്. അദ്ദേഹത്തിന്റെ കര്‍മത്തെക്കാള്‍ പേരാണ് വിവാദത്തിന് ഹേതുവെന്ന് ഓര്‍ക്കണം.
1937ല്‍ കേരള സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വി.സിയായി കൊണ്ടുവരാന്‍ ഉദ്ദേശിച്ചത് ലോകപ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരാണ് വി.സിയായത്. കേരളത്തില്‍ ഇടതു വലതു സര്‍ക്കാരുകളുടെ കാലത്തും അതിനു മുമ്പും വിവിധ സര്‍വകലാശാലകളില്‍ നിയമിക്കപ്പെട്ട വി.സിമാരില്‍ പ്രഗത്ഭരും അപ്രഗത്ഭരും ഉണ്ടായിരുന്നു. കേരള സര്‍വകലാശാലയില്‍ ജെ.വി വിളനിലം, ബി. ഇക്ബാല്‍, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ യു.ആര്‍ അനന്തമൂര്‍ത്തി, രാജന്‍ ഗുരുക്കള്‍, കാലിക്കറ്റില്‍ എം.എം ഗനി, ടി.എന്‍ ജയചന്ദ്രന്‍ എന്നിവര്‍ മികച്ച വി.സിമാരായി പേരെടുത്തവരാണ്. ശോഭിക്കാത്തവരില്‍ അന്യഥാപ്രശസ്തരായ ധാരാളം പേരുണ്ട്. വൈസ് ചാന്‍സലര്‍മാരായും ചാര്‍ജ് വഹിക്കുന്നവരായും നിയമിക്കപ്പെട്ട ഐ.എ.എസുകാരിലും പ്രഗത്ഭരും അപ്രഗത്ഭരും ഉണ്ടായിരുന്നു. ടി.എന്‍ ജയചന്ദ്രന്‍ തിളങ്ങിയെങ്കില്‍ കെ. ജയകുമാറിന് ആ മികവുണ്ടായില്ല. സ്ത്രീകളുടെ പ്രാതിനിധ്യവും ഈ പദവിയില്‍ കേരളത്തില്‍ പരിമിതമായിരുന്നു. കുസാറ്റില്‍ ജെ. ലത, മഹാത്മാഗാന്ധിയില്‍ ജാന്‍സി ജയിംസ്, കാലിക്കറ്റില്‍ അന്‍വര്‍ ജഹാന്‍ സുബേരി എന്നിങ്ങനെ ഏതാനും പേര്‍ മാത്രം.
ദലിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വി.സിയേ ഉണ്ടായില്ല. കാലിക്കറ്റില്‍ ഒഴികെ മറ്റു സര്‍വകലാശാലകളില്‍ മുസ്‌ലിം പ്രാതിനിധ്യവും കുറവായിരുന്നു. നിലവില്‍ മുബാറക് പാഷ മാത്രമാണ് മുസ്‌ലിം സമുദായാംഗമായി കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. ഭരണനിര്‍വഹണ പാടവം, നിശ്ചിത യോഗ്യത എന്നിവയ്ക്കുപുറമേ രാഷ്ട്രീയ ആഭിമുഖ്യം കേരളത്തിലെ വിവിധ സര്‍ക്കാരുകള്‍ വി.സി നിയമന വേളയില്‍ പരിഗണിക്കാറുണ്ടെന്നതാണ് വാസ്തവം. നിയമിക്കപ്പെട്ട ശേഷം സര്‍ക്കാരിനും ഭരണക്കാര്‍ക്കും തലവേദന സൃഷ്ടിച്ച വി.സിമാരും കുറവല്ല. ഫാറൂഖ് കോളജില്‍ അധ്യാപകനും പ്രിന്‍സിപ്പലും കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം മേധാവിയുമായിരുന്നു ഡോക്ടര്‍ മുബാറക് ഭാഷ. ഒമാന്‍ അടിസ്ഥാനമായുള്ള നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയുടെ ഭരണ വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല വി.സിയായി നിയമിക്കപ്പെട്ടത്.
പിന്നാക്ക വിഭാഗങ്ങളെ അധികാരത്തില്‍നിന്ന് പുറത്ത് നിര്‍ത്തുന്ന സര്‍ക്കാര്‍ തന്ത്രം ആവര്‍ത്തിച്ചതാണ് ഇതിലൂടെ കണ്ടതെന്നും ഇടതു സര്‍ക്കാര്‍ ഈഴവസമുദായത്തെ വഞ്ചിച്ചെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചതാണ് ഈ നിയമനത്തിനെതിരേയുള്ള ആദ്യത്തെ എതിര്‍പ്പ്. മലബാറില്‍നിന്നുള്ള പ്രവാസിയെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ചുമതലയേല്‍പ്പിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സര്‍വകലാശാലാ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയ പരിപാടിയായെന്നും യോഗം പ്രതിനിധികളെ വിളിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ മാലോകരെ ഉദ്‌ബോധിപ്പിക്കുകയും ക്ഷേത്രങ്ങളോട് ചേര്‍ന്ന് വിദ്യാലയങ്ങളും തൊഴില്‍ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അനുയായികളെ ബോധ്യപ്പെടുത്തുകയും ചെയ്ത ഗുരുദേവന്റെ പേരില്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായകമാകേണ്ട കോഴ്‌സുകള്‍ ആരംഭിക്കേണ്ടതിനെപ്പറ്റിയല്ല വെള്ളാപ്പള്ളി പറഞ്ഞതെന്നത് ചിന്തനീയമാണ്.
ദേശീയ നേതാക്കള്‍, രാഷ്ട്രീയരംഗത്തെ പ്രഗത്ഭര്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്നിവരുടെ പേരില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ പിന്നീട് ആ വ്യക്തിത്വങ്ങളുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പിന്തുടരുന്നവരെ മാത്രമേ ഭരണനിര്‍വഹണത്തിനായി നിയമിക്കാവൂ എന്നത് അപകടകരമായ വാദമാണ്. അതനുസരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഗാന്ധിയന്മാരും സംസ്‌കൃത സര്‍വകലാശാലയില്‍ അദ്വൈതികളായ ബ്രാഹ്മണരും പി.ടി.എം ഗവ. കോളജില്‍ മുസ്‌ലിംകളും പനമ്പള്ളി മെമ്മോറിയല്‍ ഗവ. കോളജില്‍ കോണ്‍ഗ്രസുകാരുമേ ഭരണാധികാരിയാവാന്‍ പാടുള്ളൂ. സമാനമായി എ.കെ.ജി, ഇ.കെ നായനാര്‍ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരിലുള്ള ഗവ. സ്ഥാപനങ്ങളില്‍ ഏതു സര്‍ക്കാരിന്റെ കാലത്തും കമ്മ്യൂണിസ്റ്റുകാരേ ഭരണാധികാരിയാവാന്‍ പാടുള്ളൂ. മേല്‍പ്പറഞ്ഞവരില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആദരണീയനാണ് ശ്രീനാരായണഗുരു. സ്വാമി വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ വിവേകമുള്ള മനുഷ്യരുടെ ആലയമാക്കി പരിവര്‍ത്തിപ്പിച്ചതില്‍ മുഖ്യപങ്ക് ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണുള്ളത്. അദ്ദേഹത്തിന്റെ പേരില്‍ നിലവില്‍വന്ന സര്‍വകലാശാലയില്‍, ആ സ്ഥാപനത്തെ ഉന്നതിയിലെത്തിക്കാന്‍ ശേഷിയുള്ളയാളാകണം വി.സി എന്നേയുള്ളൂ.
ഭരണാധികാരികള്‍ക്ക് നയപരമായ അധികാരപ്രയോഗം ഏതു മേഖലയിലും ആവശ്യമാണ്. എന്നാല്‍ പ്രവര്‍ത്തനത്തെക്കാള്‍ ഉള്‍ക്കൊള്ളലിന്റെ, സ്വാംശീകരണത്തിന്റെ സ്‌നേഹ പാഠങ്ങളാണ് മാനവ മോചനത്തിനായി ജീവിതമര്‍പ്പിച്ച ശ്രീനാരായണഗുരുവിന്റെ നാമത്തിലുള്ള സര്‍വകലാശാലയില്‍ അഭികാമ്യമാവുക. അതു തിരിച്ചറിഞ്ഞ് കാലത്തിനും സ്ഥാപനത്തിനുമൊത്ത സമീപനം ഡോ. മുബാറക് പാഷ സ്വീകരിക്കുമെന്ന് തോന്നുന്നു. ദേവസ്വം ബോര്‍ഡിലടക്കം പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും തൊഴില്‍ മേഖലയില്‍നിന്ന് ഇതേ സര്‍ക്കാര്‍ പുറന്തള്ളുന്ന നടപടികള്‍, നിയമങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കാര്യമായി പ്രതികരിക്കാതെ വെള്ളാപ്പള്ളി നടേശന്റെ ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല വി.സി നിയമനം വിവാദമാക്കാനുള്ള ശ്രമത്തില്‍, പിന്നാക്ക വിഭാഗങ്ങളെ പുറത്തുനിര്‍ത്താനുള്ള തന്ത്രമായി അതിനെ അവതരിപ്പിച്ചതില്‍ കഴമ്പുണ്ടെന്ന് കരുതാനാവില്ല.
(കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം തലവനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."