കുടുംബത്തിന്റെ അത്താണി അപകടത്തില്‍ മരിച്ചു; ജീവിതത്തിനു മുന്നില്‍ പകച്ച് അമ്മയും മക്കളും
വെഞ്ഞാറമൂട്: കുടുബത്തിലെ അത്താണിയായിരുന്ന യുവാവിന്റെ അപകട മരണത്തെത്തുടര്‍ന്ന് ജീവിതത്തിനു മുന്നില്‍ പകച്ച് ഒരു കുടുംബം. പനവൂര്‍ കല്ലിയോട് തോട്ടരികത്ത് വീട്ടില്‍ ബിജു(39)വിന്റെ മരണത്തോടെ അനാഥമായ ഭാര്യയും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ രോഗ ശയ്യയില്‍ കഴിയുന്ന 11 വയസുകാരനായ ഒരു മകനും വിദ്യാര്‍ഥിയായ 10 വയസുള്ള മറ്റൊരു മകനുമടങ്ങുന്ന കുടംബമാണ് വീട്ടു ചിലവും മകന്റെ ചികിത്സാ ചിലവും വിദ്യാഭ്യാസ ചിലവുമുള്‍പടെയുള്ള കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്.
ഇന്നലെ രാവിലെ അഞ്ചിന് പേരുമലയില്‍ വച്ചുണ്ടായ അപകടത്തിലാണ് ബിജു മരിക്കുന്നത്. വീട്ടില്‍ നിന്ന് ജോലിക്കായി വെഞ്ഞാറമൂട്ടിലേക്കുള്ള യാത്രക്കിടെ പേരുമല വച്ച് നിയന്ത്രണം വിട്ട് ബൈക്ക് മതിലിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണമടയുകയുമായിരുന്നു. കെട്ടിട നിര്‍മാണ മേഖലയില്‍ വാര്‍ക്കപ്പണിക്കാരനായി ജോലി ചെയ്താണ് ബിജു കുടുംബം പുലര്‍ത്തിയിരുന്നതും മകന്റെ ചികിത്സാ ചിലവും ഇളയ മകന്റെ വിദ്യാഭ്യാസ ചിലവുമൊക്കെ നടത്തിപ്പോന്നിരുന്നത്. മൂന്നാം വയസില്‍ ജന്നി ബാധിച്ചതിനെ തുടര്‍ന്നാണ് മൂത്ത മകന്‍ വിപിന്‍ ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടപ്പിലായത്.
തുടര്‍ന്ന് ചികിത്സക്കായി ഒട്ടേറെ പണം ചിലവഴിച്ചെങ്കിലും ഫലം കണ്ടില്ല. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഇതിനു വേണ്ടിയാണ് ജോലി ചെയ്തു കിട്ടുന്നതില്‍ ഏറിയ കൂറും പണം ചിലവഴിക്കുന്നതും. ഇങ്ങനെ ചിലവുകള്‍ വര്‍ധിക്കുന്നതിനുസരിച്ച് കൂടുതല്‍ ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള പരക്കം പാച്ചിലിനിടയില്‍ ആണ് അപകടത്തെ തുടര്‍ന്ന് ബിജു അകാല ചരമമടയുന്നത്. മൂന്ന് സെന്റ് വസ്തുവിലുള്ള മണ്‍ ചുമരു കൊണ്ടു നിര്‍മിച്ച് മേല്ക്കൂര ഷീറ്റു മേഞ്ഞ ഒറ്റ മുറി വീടാണ് കുടുബത്തിന് ആകെയുള്ളത്.
പോസ്റ്റുമോര്‍ട്ടം ചെയ്തു കൊണ്ടു വന്ന മൃതദേഹം സംസ്‌ക്കരിക്കാന്‍ ഇടമില്ലാത്ത കാരണം അടുള്ള ബന്ധുവിന്റെ പുരയിടത്തിലാണ് മറവു ചെയ്തത്. ഇത്തരം സാഹചര്യങ്ങളാണ് കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് വഴിയെന്തെന്ന ചോദ്യം ബാക്കിയാക്കുന്നതും നാട്ടുകാരും വീട്ടുകാരും അതിനു മുന്നില്‍ പകച്ചു നില്‍ക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."