കേസന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലിസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി
പാറശാല: കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പൊലിസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. പൊഴിയൂര്‍ സ്റ്റേഷനില്‍ നിന്ന് കേസ് അന്വേഷിക്കാന്‍ എത്തിയ രണ്ട് പൊലിസുകാര്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചതായി പ്ലാമൂട്ടുകട സ്വദേശിനിയായ വീട്ടമ്മയാണ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും മറ്റ് ഉന്നത അധികാരികള്‍ക്കും പരാതി നല്‍കിയത്.
കഴിഞ്ഞമാസം സമീപ വാസിയുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാനായി ഇക്കഴിഞ്ഞ 28 ന് രാത്രി ഏഴ് മണിയോടുകൂടി യുവതിയുടെ വീട്ടില്‍ പൊലിസ് എത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. വീട്ടില്‍ ഈ സമയം മറ്റാരുമില്ലന്ന് മനസിലാക്കിയ പൊലിസുകാര്‍ വീട്ടമ്മയെ കടന്നു പിടിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
സംഭവശേഷം അരമണിക്കൂര്‍ കഴിഞ്ഞെത്തിയ മറ്റൊരു പൊലിസുകാരനും തന്നെ ഉപദ്രവിച്ചതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊഴിയൂര്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് ഇവര്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കുകയും ഇത് സ്വീകരിച്ചെങ്കിലും രസീത് നല്‍കിയില്ലായെന്നും വീട്ടമ്മ പറയുന്നു.
പീഡന ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് വൂണ്ട് സര്‍ട്ടിഫിക്കറ്റ് വീട്ടമ്മ പരാതിയ്‌ക്കൊപ്പം ഉന്നത അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കൂടാതെ പീഡന വിവരം പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയില്‍ സൂചിപ്പിക്കുന്നു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളായ പൊലിസുകാര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരമായി ഭീഷണി മുഴക്കുന്നതായും ഇവര്‍ പറയുന്നു. ആശുപത്രി രേഖകളിലെ പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ ഇക്കഴിഞ്ഞ മൂന്നിനും വീട്ടിലെത്തിയ പൊലിസ് ഭീഷണി ഉയര്‍ത്തി.
വീട്ടമ്മയുടെ പരാതിയുടെ ഗൗരവം മനസിലാക്കി ഡി.ജി.പി ഐ.ജിയ്ക്ക് അടിയന്തര അന്വേഷണത്തിനുള്ള നിര്‍ദേശവും നല്‍കിയതായി പറയുന്നു. ഐ.പി.എസ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."