കെ.എം ബഷീറിന്റെ മരണം: കേസ് സെഷന്‍സ് കോടതിയിലേക്ക്, ശ്രീറാമിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് കോടതി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി.
നേരത്തേ മൂന്നുപ്രാവശ്യം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് ഈ മാസം 12ന് ഹാജരാകാന്‍ കോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്നാണ് രാവിലെ ശ്രീറാം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. രണ്ടാംപ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫയും ഹാജരായിരുന്നു.
ശ്രീറാമിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പായ 304 (രണ്ട്) പ്രഥമദൃഷ്ട്യാ നില നില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷത്തെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. വഫയുടെ പേരിലുള്ള കാറായിരുന്നു ശ്രീറാം ഓടിച്ചിരുന്നത്. സംഭവസമയത്ത് അവരും വാഹനത്തിലുണ്ടായിരുന്നു.
സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റുന്നതിനു മുന്‍പുള്ള നടപടികള്‍ക്കായി ഈ മാസം 27ന് ഹാജരാകാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചു.
കേസിലെ കുറ്റപത്രം പ്രതികളുടെ അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരിയില്‍ കൈമാറിയിരുന്നു. എന്നാല്‍ ബഷീറിന്റെ കാണാതായ മൊബൈല്‍ ഫോണിനെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നില്ല. കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകര്‍പ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്‌ട്രേറ്റ് വിമര്‍ശിക്കുകയും ചെയ്തു. വാഹന അപകടം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കിട്ടിയില്ലേയെന്ന് കോടതി ചോദിച്ചു.
വഫ കഴിഞ്ഞ മാസം കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തില്‍ ജാമ്യം എടുത്തിരുന്നു. വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുന്‍ ജാമ്യ ബോണ്ടില്‍ തുടരാനും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."