ശബരിമല: എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു; ആര് ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ശബരിമല വിഷയമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള. സ്ത്രീകള്‍ വലിയ തോതില്‍ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. ആചാരം സംരക്ഷിക്കാത്തത് സ്ത്രീവോട്ടുകളില്‍ പ്രതിഫലിച്ചു. ഇത്രത്തോളം ജാതീയ ചേരിതിരിവുള്ള ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. മോദി വിരോധികള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ആര് ബാലകൃഷ്ണപിള്ള പറഞ്ഞു.
ചില വിഭാഗങ്ങള്‍ ഒരു ഭാഗത്ത് ജാതി പറയുമ്പോല്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞു. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകള്‍. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും ആഗ്രഹിക്കുന്നത് അതാണ്. കോണ്‍ഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണമാണ് നടന്നത്. അത് വിശ്വസിച്ച കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയായിരുന്നു.
1957 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ താന്‍ സജീവമായിരുന്നു. ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത ഒരു തെരഞ്ഞെടുപ്പ് മുന്‍പ് ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ നിരാശരാണ്. പല സ്ഥാനാര്‍ത്ഥികളും തോറ്റു. ആചാരങ്ങള്‍ക്ക് വീഴ്ച വരുത്താതെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പക്ഷേ, സര്‍ക്കാരിന് കോടതി വിധി അനുസരിച്ചേ മതിയാകൂ. പിണറായിക്ക് പിണറായിയുടേതായ ഒരു സ്വഭാവമുണ്ട്. പിണറായി വന്നതിന് ശേഷം സര്‍ക്കാര്‍ തലത്തില്‍ അഴിമതി ഇല്ലാതായി എന്നത് നേട്ടമാണ്. ശബരിമല വിധിയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."