അഡാര്‍ റൂട്ടുകളും കെ.എസ്.ആര്‍.ടി.സി കൈവിടുന്നു
മലപ്പുറം: ഡീസല്‍ക്ഷാമവും വരുമാന നഷ്ടവും പറഞ്ഞ് സര്‍വിസുകള്‍ വെട്ടിക്കുറക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനത്തിനു പിന്നാലെ ജില്ലയില്‍ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തേക്ക്. ജില്ലയിലെ 'അഡാര്‍ 'റൂട്ടിലോടുന്ന ബസുകളും റൂട്ടുകളും വെട്ടിക്കുറച്ചതോടെ പൊതുജനം പെരുവഴിയിലായി.
ദിവസങ്ങളായി ഒരോ ഡിപ്പോയിലും അഞ്ചുമുതല്‍ പതിനഞ്ചുവരെ സര്‍വിസുകള്‍ വെട്ടിക്കുറച്ചാണ് ജില്ലയിലെ ഒരോ ഡിപ്പോയിലും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നത്. രാത്രികാല സര്‍വിസാണ് കുറക്കുന്നതിലേറെയും. ഇത് സര്‍ക്കാര്‍ ജീവനക്കാരെയും വിദ്യാര്‍ഥകളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനമായ മലപ്പുറം ഡിപ്പോയില്‍ നിന്ന് ഏറെ ജനത്തിരക്കുള്ള റൂട്ടായ കോഴിക്കോട്- പാലക്കാട് റൂട്ടില്‍ നേരത്തെ 18 സര്‍വിസുകളാണ് ഉണ്ടായിരുന്നത്.
ഇതില്‍ രണ്ടെണ്ണം ദിവസങ്ങള്‍ക്കു മുന്‍പേ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ നിരവധി ബസുകള്‍ റദ്ദാക്കിയത്. മലപ്പുറം ഡിപ്പോയില്‍നിന്നുള്ള മഞ്ചേരി-പൊന്നാനി റൂട്ടിലേയും അവസ്ഥ ഇതുതന്നെയാണ്. 42 ഷെഡ്യൂളുകളുള്ള നിലമ്പൂര്‍ ഡിപ്പോയില്‍ നിലവില്‍ 32 സര്‍വിസുകള്‍ മാത്രമാണുള്ളത്.
റൂട്ടുകള്‍ റദ്ദാക്കിയും ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി ആക്കിയുമാണ് പണം ലാഭിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കം നടക്കുന്നത്. ഇവിടെ നിന്നുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ റദ്ദാക്കിയിട്ടില്ലെങ്കിലും ഉള്‍ഗ്രാമ സര്‍വിസുകളാണ് വെട്ടിക്കുറച്ചതില്‍ അധികവും. കോഴിക്കോട് വഴിക്കടവ് റൂട്ടില്‍ തൊട്ടടുത്ത സമയങ്ങളില്‍ സര്‍വിസ് നടത്തുന്ന ചില ബസുകളും റദ്ദാക്കിയിട്ടുണ്ട്.
51 സര്‍വിസ് ഉണ്ടായിരുന്ന പെരിന്തല്‍മണ്ണയില്‍ 41 ബസുകളാണ് ഇപ്പോഴുള്ളത്. സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താന്‍ അനുമതിയില്ലാത്ത പെരിന്തല്‍മണ്ണ വളാഞ്ചേരി റൂട്ടില്‍ 16 ബസും 60 ട്രിപ്പും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലു ബസും 12 ട്രിപ്പും മാത്രമാണുള്ളത്. പൊന്നാനി ഡിപ്പോയില്‍ നിന്ന് സര്‍വിസ് നടത്തിയിരുന്ന അഞ്ചു ഷെഡ്യൂളുകളാണ് അടുത്ത ദിവസങ്ങളില്‍ റദ്ദാക്കിയത്. യാത്രക്കാരില്ലാത്ത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ യാതൊരു കാരണവശാലും സര്‍വിസ് നടത്തരുതെന്ന് ജിവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം ലഭിച്ചതോടെയാണ് ജില്ലയിലുള്‍പെടെ കെ.എസ്.ആര്‍.ടി.സിയുടെ എണ്ണം കുറച്ചത്. ടയറില്ലെന്നും ഇന്ധനം കിട്ടാനില്ലെന്നും പറഞ്ഞും സര്‍വിസുകള്‍ അപ്രഖ്യാപിതമായി വെട്ടിക്കുറക്കുന്നതില്‍ പൊതുജനങ്ങളാണ് ഏറെ ദുരതത്തില്‍ ആയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."