വാസയോഗ്യമല്ലാത്ത വീടുള്ളവരും ഭവന രഹിതര്‍
തിരുവനന്തപുരം: വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെയും ഭവന രഹിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇവരെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നാലു തരക്കാരാണ് ഭവനരഹിതരില്‍പ്പെടുന്നത്. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍, വീടുണ്ട് എന്നാല്‍ വാസയോഗ്യമല്ലാത്തവര്‍, മറ്റ് പദ്ധതികളില്‍ നിന്ന് ലഭിച്ച വീടും വാസയോഗ്യമല്ലാത്തവര്‍, ഭൂമിയും വീടും ഇല്ലാത്തവര്‍ എന്നിവരെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. ലക്ഷംവീട് പദ്ധതിയില്‍പ്പെടുന്ന ഇരട്ടവീട് ഒറ്റവീടാക്കും. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു ഭവനം എന്നതാണ് ലൈഫ് പദ്ധതി.
ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായ കുടുബശ്രീ സര്‍വേയില്‍ 45 ശതമാനം പേര്‍ യോഗ്യരാണ്.
6,32,000 പേരില്‍ നടത്തിയ സര്‍വേയില്‍ 2,81,592 പേര്‍ യോഗ്യരാണ്. സര്‍വേയില്‍ വിട്ടുപോയവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാം. ഇതും സാധ്യമാകാത്തവര്‍ക്ക് ജില്ലാതലത്തില്‍ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം.
ഭൂരഹിത ഭവനരഹിതര്‍ക്കായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലും ഒരോ ഭവനസമുച്ചയങ്ങളുടെയും നിര്‍മാണം ഈ മാസം അവസാനത്തോട ആരംഭിക്കും. പദ്ധതിക്ക് ആവശ്യമായ തുക ഒന്നിച്ച് വായ്പയെടുത്തും നിലവിലുള്ള വകുപ്പുകളുടെ ഭവനപദ്ധതി, കേന്ദ്രാവിഷ്‌കൃത ഭവനപദ്ധതികളുമായി സംയോജിപ്പിച്ചുമാണ് ധനസമാഹരണം നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
തോട്ടം തൊഴിലാളികള്‍ക്കും വീട്
തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി തോട്ടം ഉടമകള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മേഖല പ്രതിസന്ധിയിലായിട്ട് വര്‍ഷങ്ങളായി. തോട്ടം തോട്ടമായും എസ്റ്റേറ്റുകള്‍ എസ്റ്റേറ്റുകളായും നിലനിര്‍ത്താനാകണം. കേരളത്തിന്റെ ഭൂപ്രകൃതിക്കും സമ്പദ് വ്യവസ്ഥയ്ക്കും അത് ആവശ്യമാണ്. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കും. പ്രശ്‌ന പരിഹാരത്തിന് പ്ലാന്റേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം രാഷ്ട്രീയ പാര്‍ട്ടി, തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന നടപടി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഇടുക്കിയില്‍ ഭൂരഹിതര്‍ക്കു ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ഐ.എന്‍.ടി.യു.സി നേതാവുമായ എ.കെ. മണി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് ഷാള്‍ അണിയിച്ചു. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ബി.എസ്. ബിജിമോള്‍ എം.എല്‍.എ, വിവിധ സംഘടനാ നേതാക്കളായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ.മാരായ എ.കെ.മണി, തോട്ടം ഉടമ പ്രതിനിധികളായ ബി.കരിയപ്പ, തോമസ് ജേക്കബ്, പോള്‍സണ്‍ കുര്യന്‍, ചെറിയാന്‍ എം. ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."