ആത്മവിശ്വാസവും ആത്മധൈര്യവും നല്‍കി വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം
ചാലക്കുടി: പ്രളയത്തില്‍ എല്ലാം തകര്‍ന്നവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും നല്‍കുകയാണ് വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിന്റെ പ്രവര്‍ത്തകര്‍. നാശം വിതച്ച പാടശേഖരത്ത് പതിന്‍മടങ്ങ് ശക്തിയോടെ കൃഷിയിറക്കിയാണ് ഈ സംഘം പ്രത്യാശ നല്‍കുന്നത്.
കോതിരപാടത്താണ് സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്. ഈ പ്രവര്‍ത്തി നാശനഷ്ടങ്ങള്‍ സംഭവിച്ച മറ്റു കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ പാടശേഖരത്തെ 25ഏക്കറോളം വരുന്ന സ്ഥലത്ത് ഞാറു നടീല്‍ പൂര്‍ത്തിയായി. അയല്‍ സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് ഞാറുനടീല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
പ്രളയത്തിനു മുന്‍പ് കൃഷിയിറക്കാനായി ഞാറുകള്‍ പാടശേഖരങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ മലവെള്ളം ഉയര്‍ന്നതോടെ അതു നിലച്ചു. പ്രളയത്തില്‍ പത്തടിയോളം ഉയരത്തില്‍ പാടശേഖരത്ത് വെള്ളം പൊങ്ങിയത്. വെള്ളമിറങ്ങിയതോടെ വീണ്ടും കൃഷിയിറക്കാന്‍ സംഘം തയ്യാറായി. ഒരാഴ്ചകൊണ്ട് നിലം ഒരുക്കിയെടുത്തു.
തുടര്‍ന്ന് ഞാറ് നടീലും പൂര്‍ത്തിയാക്കി. ശ്രേയസ്സ് വിത്താണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തവണ മുതല്‍ കൃഷിക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കാനും സംഘത്തിന് ആലോചനയുണ്ട്. 1999ലാണ് വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘം രൂപീകരിച്ചത്. ഒറ്റപെട്ട കര്‍ഷകരെ സംഘടിപ്പിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കൊരട്ടി അന്നമനട പഞ്ചായത്തുകളിലായി 40ഏക്കര്‍ സ്ഥലത്താണ് സംഘം കൃഷിയിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."