സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ കന്റോണ്‍മെന്റ് പൊലിസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി വിനോദ് ചന്ദ്രനാണ് (34) പിടിയിലായത്. ഇന്നലെ രാവിലെ ആറോടെ മെയിന്‍ ഗേറ്റിന് സമീപമുള്ള കൂറ്റന്‍ മഹാഗണി മരത്തിന്റെ മുകളില്‍ കയറിയാണ് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.
കാവിമുണ്ടും ഷര്‍ട്ടും ധരിച്ച് കൈയില്‍ ഒരു കവറുമായി കഴിഞ്ഞദിവസം വൈകിട്ട് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ ഇയാള്‍ മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് മെയിന്‍ ഗേറ്റിന് സമീപം തമ്പടിച്ച ഇയാള്‍ രാവിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു മരത്തില്‍ കയറുകയായിരുന്നു. ഇയാള്‍ മരത്തില്‍ കയറുന്നത് കണ്ട സെക്രട്ടേറിയറ്റ് നടയിലെ മറ്റു സമരക്കാര്‍ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇരുപതടിയിലേറെ ഉയരത്തില്‍ കയറി മരക്കൊമ്പില്‍ ഇരിപ്പുറപ്പിച്ച ഇയാള്‍ പത്തനംതിട്ട ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സിലെ അനാശാസ്യത്തെപ്പറ്റി പൊലിസിന് നല്‍കിയ പരാതി അന്വേഷിക്കുന്നില്ലെന്ന് വിളിച്ചുപറഞ്ഞു.
നിവേദനവുമായി മുഖ്യമന്ത്രിയെ നേരില്‍ കാണാനെത്തിയപ്പോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനൊടുക്കുകയാണെന്നും പറഞ്ഞു. ഇതിനിടെ വിവരമറിഞ്ഞ് കണ്‍ട്രോള്‍ റൂം പൊലിസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് ഏണിയുടെ സഹായത്താല്‍ മരത്തില്‍ കയറി. മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കാമെന്ന് ഉറപ്പുനല്‍കി യുവാവിനെ താഴെയിറക്കി.
താഴെയിറങ്ങിയ വിനോദിനെ കന്റോണ്‍മെന്റ് പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലിസ് പറഞ്ഞു. ആത്മഹത്യാഭീഷണിയുടെ പേരില്‍ കേസെടുത്ത പൊലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."