നാദാപുരം താലൂക്ക് ആശുപത്രി ആംബുലന്‍സ് സംവിധാനം നിലച്ചു
നാദാപുരം: താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് സംവിധാനം നിലച്ചിട്ട് അഞ്ചു മാസം. മലയോരമേഖലയായ വിലങ്ങാട്, കണ്ടിവാതുക്കല്‍, വളയം, ചെക്കിയാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ ദിവസേന നൂറുകണക്കിന് അവശരായ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇവര്‍ നിലവില്‍ സന്നദ്ധ സംഘടനകളുടെയും സ്വകാര്യ ആശുപത്രികളിലെയും ആംബുലന്‍സുകളെയാണ് ആശ്രയിക്കുന്നത്.
പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 19ന് അറ്റകുറ്റപ്പണികള്‍ക്കായി കാസര്‍കോട്ടെ വര്‍ക്ക്‌ഷോ പ്പില്‍ കൊണ്ടുപോയെങ്കിലും ഇതുവരെയും ആശുപത്രിയില്‍ തിരിച്ചെത്തിയിട്ടില്ല.
2010-11 വര്‍ഷം അന്നത്തെ നാദാപുരം എം.എല്‍.എ ആയിരുന്ന ബിനോയ് വിശ്വത്തിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിക്കു വേണ്ടി മറ്റൊരു ആംബുലന്‍സ് വാങ്ങിയത്. ദിവസവേതനം നല്‍കി ഒരു ഡ്രൈവറെയും നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തില്‍ മിക്കദിവസങ്ങളിലും ഈ വാഹനം കട്ടപ്പുറത്തിരിക്കുക പതിവായിരുന്നു.
അതേസമയം പുതിയ ആംബുലന്‍സ് വരുന്നതിന് മുന്‍പ് സംസ്ഥാന ആരോഗ്യവകുപ്പ് നേരിട്ടു വാങ്ങിയ ആംബുലന്‍സും ആശുപത്രിക്കുണ്ടായിരുന്നു.
പുതിയത് എത്തിയതോടെ ഈ വാഹനം ആരും തിരിഞ്ഞു നോക്കാതെ ആശുപത്രി വരാന്തയില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്.
ഈ ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയതിനു ശേഷം ഒരുവര്‍ഷം മാത്രമാണ് രോഗികള്‍ക്കായി ഉപയോഗിച്ചത്. എന്നാല്‍ ആംബുലന്‍സിന്റെ ചില ഭാഗങ്ങള്‍ ആരോഗ്യവകുപ്പ് കൊണ്ടുപോയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
നിലവില്‍ അവശരായ രോഗികള്‍ക്കും അത്യാസന്ന നിലയില്‍ എത്തുന്നവര്‍ക്കും മറ്റു ആശുപത്രികളില്‍ എത്തിപ്പെടാന്‍ സ്വകാര്യ ആംബുലന്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."