സി.ബി.ഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടെന്ന് ശുപാര്‍ശ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതിപട്ടികയിലുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, എ.രതീശന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി നല്‍കരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.
കശുവണ്ടി ഇറക്കുമതിയില്‍ കോടികളുടെ ക്രമക്കേടു കണ്ടെത്തിയ സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാമെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫയലില്‍ കുറിച്ചത്. എന്നാല്‍ അതിന് വിപരീതമായാണ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
2006 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷനു വേണ്ടി തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ ചെയര്‍മാനായിരുന്ന ആര്‍.ചന്ദ്രശേഖരന്‍, എം.ഡിയായിരുന്ന എ രതീശന്‍ എന്നിവരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നു കാണിച്ച് സി.ബി.ഐ സര്‍ക്കാരിനു കത്തു നല്‍കി. അഴിമതി കണ്ടെത്താന്‍ അനുമതി നല്‍കാമെന്നു കാണിച്ച് മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
മന്ത്രിയുടെ തീരുമാനമുണ്ടെങ്കിലും നിയമോപദേശത്തിനായി ഫയല്‍ ഡി.ജി.പിക്ക് കൈമാറി. സി.ബി.ഐയുടെ കണ്ടെത്തല്‍ നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നും കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനു ഫയല്‍ മടക്കി നല്‍കി.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നു ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്. കശുവണ്ടി ഇറക്കുമതി കേസില്‍ ആദ്യം കേസ് അന്വേഷിച്ചത് വിജിലന്‍സായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയാണ് കേസ് 2015ല്‍ സി.ബി.ഐക്ക് കൈമാറിയത്.വിശദമായി അന്വേഷിച്ച് അഴിമതിയും ഗൂഢാലോചനയും കണ്ടെത്തിയാണ് സി.ബി.ഐ ഇരുവര്‍ക്കുമെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചത്. അനുമതി നല്‍കിയില്ലെങ്കില്‍ അഴിമതിക്കേസില്‍ ഇനി സി.ബി.ഐക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."