തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവം 2017 പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാട്ടിക്കുളം ടൗണില്‍ ബാനര്‍ രചന ക്യാംപ് നടത്തി.
ക്യാംപ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി ഉദ്ഘാടനം ചെയ്തു. കലാകാരന്മാരായ അരുണ്‍ വി.സി, പ്രതീഷ് താനിയാട്, സണ്ണി മാനന്തവാടി എന്നിവര്‍ നേതൃത്വം നല്കി.
തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളെ കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് 2017 മെയ് 20, 21 തിയതികളില്‍ കാട്ടിക്കുളത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിത്തുത്സവം സംഘടിപ്പിക്കുന്നത്. വിത്തുത്സവം സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് 21ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ 10ന് സെമിനാറുകളുടെയും, പരിശീലന പരിപാടികളുടെയും ഉദ്ഘാടനം ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമയും പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എയും നിര്‍വഹിക്കും.
വിവിധ സെമിനാറുകളും, പരിശീലന പരിപാടികളും, പാരമ്പര്യ ഭക്ഷ്യമേളയും, ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാളുകളും, കലാ സാംസ്കാരിക പരിപാടികളും വിത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യപരിപാലന സമിതി, കൃഷിഭവന്, കുടുംബശ്രീ, തണല്‍ സേവ് ഔര്‍ റൈസ് ക്യാപയിന്, നബാര്‍ഡ്, തിരുനെല്ലി സര്‍വിസ് സഹകരണ ബങ്ക്, ജില്ലാ സഹകരണ ബാങ്ക്, പാക്സ് ഡെവലപ്പ്മെന്റ് സെല്‍, സൗഹൃദ തൃശ്ശിലേരി, തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി, വയനാട് വന്യജീവിശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഗ്രീന്‍ ലവേഴ്സ് മാനന്തവാടി, വാക്ക് വായനശാല തൃശ്ശിലേരി, പി.കെ കാളന് സ്മാരക സാംസ്കാരിക സമിതി തുടങ്ങി നിരവധി സ്ഥാപനങ്ങളും കൂട്ടായ്മകളും സംയുക്തമായാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."