വ്യാജരേഖ ചമച്ച് ചാനല്‍ ലൈസന്‍സ് തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്തു
പൊന്നാനി: വ്യാജരേഖ ചമച്ച് ചാനല്‍ ലൈസന്‍സ് തട്ടിയെടുത്തെന്ന പരാതിയില്‍ മാറഞ്ചേരി, തിരൂര്‍ സ്വദേശികള്‍ക്കെതിരേ കേസെടുത്തു. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തത്. യു.എ.ഇയിലെ ദക്ഷിണേന്ത്യന്‍ ചാനലിന്റെ ഉടമകളാണിവര്‍. തന്നെ വഞ്ചിച്ചു ചാനല്‍ ലൈസന്‍സ് തട്ടിയെടുത്തെന്ന ദുബൈയിലെ വ്യവസായി രാജീവ് മേനോന്റെ പരാതിയിലാണ് നടപടി.
മാറഞ്ചേരി സ്വദേശി രാജ്മോഹന്‍, തിരൂര്‍ പുകയില്‍ ബസാറില്‍ അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് പാലാരിവട്ടം പൊലിസ് കേസെടുത്തിരിക്കുന്നത്.രാജീവ് മേനോനില്‍നിന്ന് ചാനല്‍ ലൈസന്‍സ് തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് പരാതി. വേള്‍ഡ് ഓണ്‍ എന്ന പേരുള്ള ചാനല്‍ ഇപ്പോള്‍ വേള്‍ഡ് വിഷന്‍ എച്ച്.ഡി എന്ന പേരിലാണ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്നത്. 2015ലാണ് വേള്‍ഡ് ഓണ്‍ എന്ന പേരില്‍ രാജ്മോഹനുമായി ചേര്‍ന്ന് ചാനല്‍ ആരംഭിച്ചതെന്ന് രാജീവ് മേനോന് പറയുന്നു. വ്യാജ രേഖകള്‍ തയാറാക്കിയാണ് ടി. വി ചാനല്‍ ലൈസന്‍സ് തട്ടിയെടുത്തത്. ലൈസന്‍സ് സ്വന്തമാക്കിയതോടെ ചാനലിന്റെ പേര് കേരള വിഷന്‍ വേള്‍ഡ് എന്നും പിന്നീട് വേള്‍ഡ് വിഷന്‍ എച്ച്.ഡി എന്നുമാക്കി. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലിസ് കേസെടുത്തത്. കേസില്‍ മെയ് 18ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ജില്ല വിട്ടുപോകുന്നതിന് ഇവര്‍ക്ക് വിലക്കുണ്ട്. തട്ടിപ്പിലൂടെ ദശലക്ഷക്കണക്കിന് ദിര്‍ഹം നഷ്ടപ്പെട്ടതായി രാജീവ് മേനോന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."