അമിത്ഷാ ആഭ്യന്തര മന്ത്രിയായേക്കും; മന്ത്രിസഭയില്‍ പുതുമുഖങ്ങളും
ന്യൂഡല്‍ഹി: മോദി മന്ത്രിസഭയില്‍ ഇത്തവണ കൂടുതല്‍ പുതുമുഖങ്ങളുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞക്ക് തൊട്ടുമുന്‍പായിരിക്കും മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുകയെങ്കിലും അമിത്ഷാ ഇത്തവണ മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ആഭ്യന്തര വകുപ്പായിരിക്കും അമിത്ഷായ്ക്ക് നല്‍കുക. രാജ്‌നാഥ് സിങിന് പ്രതിരോധ വകുപ്പ് നല്‍കിയേക്കും.
മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അരുണ്‍ ജെയ്റ്റ്‌ലിയെ മാറ്റിനിര്‍ത്താനിടയുണ്ട്. സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ഗിരിരാജ് സിങ്, തേജസ്വി സൂര്യ, കിരണ്‍ റിജിജു, ധര്‍മേന്ദ്രപ്രധാന്‍, രാജ്യവര്‍ധന്‍സിങ് റാത്തോഡ് തുടങ്ങിയവര്‍ ഇത്തവണയുമുണ്ടാകും. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ സുഷമാ സ്വരാജിനെ മാറ്റി നിര്‍ത്തുമോയെന്ന് വ്യക്തമല്ല.
കഴിഞ്ഞ തവണ മന്ത്രിമാരായവരില്‍ ചിലര്‍ക്ക് വീണ്ടും അവസരമുണ്ടായിരിക്കില്ലെന്ന് മോദി കൗണ്‍സില്‍ യോഗത്തെ അറിയിച്ചിരുന്നു. ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് മന്ത്രിമാരുണ്ടാകും. ബംഗാളില്‍ നിന്നുള്ള ബാബുല്‍ സുപ്രിയോ, എസ്.എസ് അഹ്‌ലുവാലിയ എന്നിവര്‍ കഴിഞ്ഞ തവണ മന്ത്രിമാരായിരുന്നു. രണ്ടുപേരും ഇത്തവണയും ജയിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാംവിലാസ് പാസ്വാന്‍ ഉള്‍പ്പടെയുള്ള എന്‍.ഡി.എ നേതാക്കള്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. പാസ്വാന്‍ മകന്‍ ചിരാങ് പാസ്വാന് മന്ത്രിസ്ഥാനം വച്ചുമാറിയേക്കും. എട്ട് എം.പിമാരുള്ള ഒഡിഷയ്ക്കും മന്ത്രിയുണ്ടാകും. ഇവിടെ നിന്നുള്ള ജുവല്‍ ഓറം കഴിഞ്ഞ മന്ത്രിസഭയില്‍ ആദിവാസികാര്യ മന്ത്രിയായിരുന്നു. ഇത്തവണ മറ്റാര്‍ക്കെങ്കിലും അവസരം നല്‍കിയേക്കാം. പാര്‍ട്ടി നാഷനല്‍ സെക്രട്ടറി കൂടിയായ സുരേഷ് പൂജാരി, അപരാജിത സാരംഗി എന്നിവരാരെങ്കിലും സഹമന്ത്രിമാരാകാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."