ഉലയുന്ന സമ്പദ്‌രംഗം
മിടുക്കരായ മൂന്നു മന്ത്രിമാരെ നഷ്ടപ്പെടുകയും വലംകൈയായ ആഭ്യന്തരമന്ത്രി അമിത്ഷായെ അസുഖം കാരണം പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതിരിക്കുകയും ചെയ്തിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ഭക്ഷ്യസംസ്‌കരണ മന്ത്രി ഹര്‍സിംറത്ത് കൗര്‍ രാജിവച്ചൊഴിയുകയും ചെയ്തു. അരുണ്‍ ജയ്റ്റിലിക്കും സുഷമ സ്വരാജിനും പകരക്കാരെ കണ്ടെത്തിയെങ്കിലും ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാനെ അദ്ദേഹത്തിന്റെ തട്ടകമായ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നഷ്ടപ്പെട്ടത്, രണ്ടാമൂഴത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദിയെ ചെറുതായൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഹര്‍സിംറത്ത് കൗര്‍ രാജിവച്ചതിനു പിന്നാലെ അവരുടെ പാര്‍ട്ടിയായ അകാലിദള്‍ സഖ്യംവിടുകയും ചെയ്തു.
ഇതിനകം 60 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി, വിദേശങ്ങളിലെല്ലാം ഇന്ത്യക്കു പേരും പ്രശസ്തിയുമാണെന്നു പെരുമ്പറയടിച്ചുരുന്നെങ്കിലും അയല്‍പക്കബന്ധങ്ങള്‍പോലും നല്ല നിലയിലല്ല എന്നാണ് ചൈനയും പാകിസ്താനുമൊക്കെ ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്തിലെ മുഖ്യമന്ത്രിപദത്തില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി പദവിവരെ തുടര്‍ച്ചയായി 20 വര്‍ഷത്തോളം അധികാരത്തിലിരുന്ന് കഴിഞ്ഞപ്പോഴും മോദിക്കു രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍പോലും കഴിഞ്ഞിട്ടില്ല. കൊവിഡ് എന്ന മഹാമാരി കൂടുതല്‍ പരുക്കേല്‍പ്പിച്ച ഇന്ത്യന്‍ ഖജനാവിനെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമായി വിമാനത്താവളങ്ങളും റെയില്‍വേയും ഖനികളും ടെലികോം മേഖലയും സ്വകാര്യമേഖലക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. രണ്ടു ഡസന്‍ പാര്‍ട്ടികളുടെ പിന്‍ബലവുമായി അധികാരക്കസേരയില്‍ തിരിച്ചെത്തിയ എന്‍.ഡി.എയില്‍ കൂടൊഴിഞ്ഞുപോക്കാണ് ദൃശ്യമാകുന്നത്.
മോദി ഭരണത്തിനു കാലാവധി ഇനിയും നാലുവര്‍ഷമുണ്ടെങ്കിലും രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? വാണിജ്യ - വ്യവസായ തകര്‍ച്ചയും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന ധനസ്ഥിതിയാണ് രാഷ്ട്രത്തിന്റേത്. ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വന്നുനിറയുമെന്നുപറഞ്ഞ്, കള്ളനോട്ടിനു എതിരായ യുദ്ധം ആരംഭിച്ചിട്ട് നാലുവര്‍ഷമാകുമ്പോഴത്തെ സ്ഥിതിയാണിത്. ആളോഹരി ജി.ഡി.പിയില്‍ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്നാണ് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്) കഴിഞ്ഞ ദിവസം പറഞ്ഞത്. ജി.ഡി.പിയില്‍ 10.3 ശതമാനം ഇടിവു രേഖപ്പെടുത്തുമെന്ന് അവര്‍ പുറത്തുവിട്ട 'വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ ഉപദേശങ്ങളൊന്നും സ്വീകരിക്കാതെയുള്ള നോട്ട് നിരോധനം, നാട്ടിലെ സാമ്പത്തിക രംഗമാകെ കുത്തുപാളയെടുപ്പിക്കുകയാണ് ചെയ്തത്. പ്രവാസികളില്‍ നിന്നുള്ള പണം ഒഴുക്ക് നിന്നു, ടൂറിസം മേഖല തകര്‍ന്നു. പ്രണബ് മുഖര്‍ജിയേയും മന്‍മോഹന്‍ സിങ്ങിനെയും പി. ചിദംബരത്തേയും പോലുള്ള പ്രഗത്ഭമതികള്‍ പടുത്തുയര്‍ത്തിയ സാമ്പത്തിക ഭദ്രതയാണ് മോദി ഭരണകൂടം തകര്‍ത്തെറിഞ്ഞത്. നാണ്യമൂല്യശോഷണ നടപടിയില്‍ പ്രതിഷേധമറിയിച്ച്, റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നാലെ നിതിന്‍ ജോഗിയേയും ശാമികാ റാവിണ്ടിനെയും പോലുള്ള വിദഗ്ധര്‍ മോദിയുടെ സാമ്പത്തികോപദേശക സമിതിയോടും സലാം പറഞ്ഞു പിരിഞ്ഞു.
നോട്ട് നിരോധം നമുക്ക് എന്താണ് സമ്മാനിച്ചത്? പതിനായിരക്കണക്കിനു രൂപയുടെ കള്ളനോട്ട് വിദേശങ്ങളില്‍ അച്ചടിച്ച് ഇന്ത്യയിലേക്ക് വിമാനമാര്‍ഗം കൊണ്ടുവന്നതായി വെട്ടിത്തുറന്നുപറഞ്ഞത് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പ്രമുഖരില്‍ ഒരാളായ രാഹുല്‍ രത്തറേക്കകറാണ്. പണം എവിടെനിന്നു വരുമെന്നു പറയാതെ തന്നെ 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെ ആകെ കബളിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് മോദി. ഭരണകൂടം കിട്ടുന്നിടത്ത് നിന്നെല്ലാം കടം വാങ്ങുന്നു. ലോകബാങ്കില്‍ നിന്നു സഹസ്രകോടികളാണ് വായ്പയെടുത്തിരിക്കുന്നത്. കൊവിഡ് രോഗ പ്രതിരോധത്തിനു 12,000 കോടിരൂപ, തീരദേശ ഹൈവേ പൂര്‍ത്തിയാക്കാന്‍ 7600 കോടിരൂപ, വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് 3700 കോടി രൂപ എന്നിങ്ങനെയൊക്കെ കുറേ കണക്കുകളും നിരത്തുന്നുണ്ട്. അതേസമയം, ചെലവിനങ്ങള്‍ക്ക് കയ്യും കണക്കുമില്ല.പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ലോകം ചുറ്റാനായി 8458 കോടി രൂപാ ചെലവില്‍ കൊട്ടാരസദൃശമായ രണ്ടു ഭീമന്‍ വിമാനങ്ങളും വാങ്ങിയിരിക്കുന്നു. മണിക്കൂറുകള്‍ സഞ്ചരിച്ച് കര്‍ഷക പ്രശ്‌നങ്ങള്‍ അറിയാനായി ട്രാക്ടറില്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ സീറ്റിനടിയില്‍ ആരോവെച്ച കുഷ്യന്‍ കാണാന്‍ കഴിഞ്ഞവര്‍ക്ക് ഇതൊന്നും കാണാനോ കേള്‍ക്കാനോ സാധിക്കുന്നില്ല.
മോദി ഗവണ്‍മെന്റ് കാലിയാവുന്ന ഖജനാവ് നിറക്കാനുള്ള ഓട്ടത്തിലാണ്. രണ്ടുവര്‍ഷം മുമ്പ് കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തില്‍ പെട്ടപ്പോള്‍ മലയാളി പ്രവാസികളുടെ ത്യാഗപൂര്‍ണമായ സേവനങ്ങള്‍ പരിഗണിച്ച് സഹായം നല്‍കാമെന്നു പറഞ്ഞ യു.എ.ഇ ഗവണ്‍മെന്റിനെപ്പോലും മുടക്കിയ കേന്ദ്രഭരണകൂടം, ഇപ്പോള്‍ സ്വന്തമായി നിധിയുണ്ടാക്കി ലോകമെങ്ങും ചെന്നു പണം പിരിക്കുകയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ നമുക്ക് പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ട് എന്ന ദുരിതാശ്വാസ നിധിയുണ്ട്. അതിലേക്ക് പണം സമാഹരിക്കാനായി പണ്ഡിറ്റ്ജിയും പ്രതിപക്ഷ നേതാവ് എ.കെ ഗോപാലനുമൊക്കെ പാഡ് കെട്ടി തൊപ്പിവച്ച്, ഡല്‍ഹിയില്‍ എം.പിമാരുടെ ക്രിക്കറ്റ് മത്സരം നടത്തിയത് ഓര്‍മവരുന്നു. മുംബൈയില്‍ ദിലീപ്കുമാര്‍ അടക്കമുള്ള പ്രമുഖ ചലച്ചിത്ര നടീനടന്മാര്‍ ക്രിക്കറ്റ് പിച്ചിലിറങ്ങിയതും സ്മരണയില്‍ നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെ പിരിയുന്ന സംഖ്യകള്‍ക്ക് പുറമെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദായനികുതി ഇളവ് നല്‍കി, കോടികള്‍ സംഭരിച്ചു. ഇതിന്റെ വ്യക്തമായ കണക്കുകളും പ്രസിദ്ധീകരിച്ചിരുന്നു
എന്നാല്‍, പി.എം റിലീഫ് ഫണ്ട് എന്ന പേരില്‍ ഈ ദുരിതാശ്വാസനിധി നിലവിലിരിക്കേ തന്നെ, ഇത്തവണ കൊവിഡിന്റെ പേരില്‍ മോദി ഭരണകൂടം പുതിയ ക്ഷേമനിധിക്ക് രൂപംനല്‍കി. പി.എം കെയേഴ്‌സ് ഫണ്ട് എന്ന പേരില്‍ ഡല്‍ഹിയില്‍ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു പിരിവ്. എന്നാല്‍, ഒന്നിനും കണക്കില്ല. ആഭ്യന്തരമന്ത്രി അമിത്ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും മാത്രം അംഗങ്ങളായ ഈ സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രി മോദി തന്നെ. ഈ ഫണ്ടിന്റെ കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം പോലും അന്വേഷിച്ചുകൂടാ. സാര്‍ക്ക് അസോഷ്യേറ്റ്‌സിനെ ഓഡിറ്റര്‍മാരായി നിയമിച്ചു എന്നു പറയുന്നുണ്ടെങ്കിലും കണക്ക് പരിശോധിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പറയുന്നു.
പി.എം കെയേഴ്‌സ് ഫണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കൊവിഡ് ചികിത്സക്കായി വെന്റിലേറ്ററുകള്‍ വാങ്ങാനും വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനും ഒക്കെയായി 3100 കോടി രൂപ നല്‍കി എന്ന കൊട്ടക്കണക്കാണ് പറയുന്നത്. ഏത് പ്രദേശത്ത്, എപ്പോള്‍ നല്‍കിയെന്നതിനു ഒരു വിവരവും ഇല്ല. പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ശതകോടികള്‍ സമാഹരിച്ചുവെന്നു അറിയിച്ച പി.എം കെയേഴ്‌സ് ഫണ്ടില്‍ വിദേശത്ത് നിന്നുള്ള സംഭാവനകള്‍പോലുമുണ്ട്. മാത്രമല്ല, ടിക്‌ടോക്ക്‌പോലെ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് കമ്പനികളില്‍ നിന്നുപോലും പി.എം കെയേഴ്‌സ് കോടികള്‍ സമാഹരിച്ചിരിക്കുകയാണ്.
എം.പി ഫണ്ടിലേക്ക് കൊടുക്കാന്‍ പോലും പണമില്ലെന്നുപറഞ്ഞ് കൈമലര്‍ത്തുന്ന കേന്ദ്രഭരണകൂടം പക്ഷേ, കോര്‍പറേറ്റുകളുടെ 60,000 കോടി രൂപയുടെ കടം എഴുതിത്തള്ളുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചുകൊണ്ടാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഹച്ചിസണ്‍ കമ്പനിയിലൂടെ ഇന്ത്യയിലെ ആസ്തികള്‍ വാങ്ങിയ വോഡഫോണ്‍ എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരേ കേസിനു പോയി 27900 കോടിരൂപ നഷ്ടപ്പെടുത്തിയത് വേറെകഥ. 30 ശതമാനം ചുങ്കം ഒഴിവാക്കി ഏതാനും സ്വകാര്യ കമ്പനികള്‍ക്ക് ഇരുമ്പയിര് കയറ്റുമതിക്ക് അനുമതി നല്‍കിയ വകയില്‍ 12,000 കോടി രൂപ നഷ്ടപ്പെടുത്തിയത് മറ്റൊരു കഥ.
ഡല്‍ഹി ഗവണ്‍മെന്റിന്റെ ബജറ്റ് തുകയേക്കാള്‍ ഏറെവരുന്ന 70 കോടിരൂപയുടെ വസ്ത്രങ്ങള്‍ അണിയുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണം തള്ളിക്കളഞ്ഞാലും, തുരങ്കപാത ഉദ്ഘാടനം ചെയ്യാനായി ഹിമാചലിലേക്കു പോയ മോദിയും കൂട്ടരും കഴിച്ച ഭക്ഷണത്തിന്റെ ചെലവ് വാര്‍ത്തയായിരുന്നു. തായ്‌വാനില്‍ നിന്നു ഇറക്കുമതി ചെയ്ത 80,000 രൂപയുടെ വിശേഷ കൂണ്‍ ആണത്രെ അവര്‍ ഭക്ഷിച്ചത്. ഇവിടെയും ഇത് തീരുന്നില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുകയും കല്‍ക്കരി -ധാതുഖനന രംഗത്ത് അഞ്ഞൂറോളം ഖനികള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്തിരിക്കുകയാണ്. ബഹിരാകാശ മേഖലയിലും സ്വകാര്യപങ്കാളിത്തം വരുന്നതോടെ ഇനി നമ്മുടെ റോക്കറ്റ് വിക്ഷേപിക്കുന്നത് പോലും അംബാനിമാരും അദാനിമാരുമായിരിക്കില്ലെന്നു ആര് കണ്ടു?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."