പെരുന്നാളിന് നാട്ടിലെത്തണോ..? കീശ കാലിയാകുമെന്ന് ഉറപ്പ്
ജിദ്ദ: പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവരെ ധര്‍മസങ്കടത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ഗള്‍ഫില്‍ അവധിക്കാലം അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ധനയാണ് പ്രവാസി മലയാളികളെ ദുരിതത്തിലാക്കുന്നത്.
സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ട്രാവല്‍ ഏജന്‍സികളും യാത്രക്കാരും പറയുന്നത്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ജെറ്റ് എയര്‍വേയ്‌സ് സര്‍വിസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വിസുകളില്‍ കുറവുവന്നതും ടിക്കറ്റ് നിരക്ക് വര്‍ധനക്ക് കാരണമാണ്.
മൂന്നിരട്ടിയോളം വരുന്ന തുക ഈടാക്കിയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുന്നത്. അവധിക്കാലം അടുത്തതോടെ വരുംദിവസങ്ങളില്‍ നിരക്ക് വീണ്ടും ഉയര്‍ന്നേക്കും. നേരിട്ട് സര്‍വിസ് നടത്താതെ വിമാനക്കമ്പനികളും പ്രവാസികളെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്.
ഭൂരിഭാഗം സീറ്റുകളും വിമാനക്കമ്പനികളുടെ ബാക്ക് ഓഫിസുകള്‍ തന്നെ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ക്ക് പൊള്ളുന്ന നിരക്കും ഈടാക്കും. ബ്ലോക്ക് ചെയ്ത സീറ്റുകള്‍ പിന്നീട് ഘട്ടംഘട്ടമായി തുറന്നുനല്‍കി ക്ലാസുകളായി വേര്‍തിരിച്ചു അഞ്ചിരട്ടിയിലധികം വില കൂട്ടി നല്‍കുന്നത് വിമാന കമ്പനികളുടെ പതിവ് രീതിയാണ്.
ഗള്‍ഫ് പ്രവാസത്തില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ നാട്ടില്‍ കുടുംബങ്ങളുമൊത്ത് കുറച്ചു കാലമെങ്കിലും കഴിയാമെന്ന് വിചാരിക്കുന്ന പ്രവാസികള്‍ക്കാണ് ഇത്തരം വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള മൂലം സ്വപ്നങ്ങള്‍ അന്യമാകുന്നത്.
ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യു.എ.ഇയിലെ സ്‌കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. സീറ്റുകളുടെ കുറവ് കാരണം വര്‍ഷാവസാനത്തിലും ഇത്തവണ ടിക്കറ്റ് നിരക്ക് താഴാനുള്ള സാധ്യത കുറവാണ്.
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ ഇത്തവണ ഒരുമാസം മുന്‍പുതന്നെ ഉയര്‍ന്നിരുന്നു.
ജെറ്റ് എയര്‍വേയ്‌സ് സര്‍വിസ് പൂര്‍ണമായി നിലയ്ക്കുകയും ഇന്‍ഡിഗോയുടെ തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വിസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തതിനാല്‍ സീറ്റ് ദൗര്‍ലഭ്യം മൂലമാണ് ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണം. സഊദിയില്‍ നിന്നും കേരളത്തിലേക്ക് നിലവില്‍ 3,000 റിയാലിന് മുകളില്‍ വരെ ടിക്കറ്റ് നിരക്ക് ഇടാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ദോഹയില്‍ നിന്ന് കേരളത്തിലെത്തി അവധി കഴിഞ്ഞ് മടങ്ങുന്നതിന് ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാല്‍ ആയിരുന്നത് ഇത്തവണ 3,200 റിയാലിനു മുകളില്‍ വരെ എത്തുന്നതായും പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
അവധിദിനങ്ങളിലും വിശേഷദിനങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിക്കുന്നതിന് വിരാമമിടാന്‍ കൂടുതല്‍ സര്‍വിസ് കേരളത്തിലേക്ക് ഏര്‍പ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. പക്ഷേ നിലവിലുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതല്ലാതെ കൂടുതല്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. അനാവശ്യമായി തിരക്ക് സൃഷ്ടിച്ച് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാക്കി യാത്രക്കാരെ കൊള്ളയടിക്കാനുള്ള തന്ത്രമാണെന്നാണ് പ്രവാസികളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."