കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണവും യു.ഡി.എഫിലേക്ക്
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് കരുക്കള്‍ നീക്കുന്നു. കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് ഭരണംനടത്താന്‍ സ്വമേധയാ പിന്തുണ നല്‍കിയ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിനെ തിരിച്ചെത്തിക്കാനുള്ള നീക്കം യു.ഡി.എഫ് സജീവമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനുമായി ചര്‍ച്ച നടത്തിയ പി.കെ രാഗേഷ് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പ്രതികരിക്കാമെന്നാണ് വ്യക്തമാക്കിയിരുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ കണ്ണൂര്‍ ലോക്‌സഭാ സീറ്റ് സുധാകരനിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചതോടെ രാഗേഷിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം സജീവമാവുകയായിരുന്നു. രാഗേഷ് വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.
കെ. സുധാകരനുമായി ഇടഞ്ഞാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പി.കെ രാഗേഷ് പാര്‍ട്ടിവിട്ടത്. തന്നോടൊപ്പമുണ്ടായിരുന്ന മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപീകരിക്കുകയും ഇരുമുന്നണികള്‍ക്കും സമാനമായി കോര്‍പറേഷനിലെ 10 ഡിവിഷനുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമായിരുന്നു. രാഗേഷ് വിഭാഗം മത്സരിച്ചതോടെ വോട്ടുകള്‍ ചിതറി പല ഡിവിഷനുകളും യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 55 അംഗ കോര്‍പറേഷനില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 അംഗങ്ങളാണുള്ളത്.
പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഗേഷിന്റെ പിന്തുണയിലാണ് മൂന്നുവര്‍ഷമായി കോര്‍പറേഷന്‍ എല്‍.ഡി.എഫ് ഭരിക്കുന്നത്. ബദ്ധവൈരിയായ സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാഗേഷിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതോടെ പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. ചില ഉപാധികള്‍ മുന്നോട്ടുവച്ചതോടെ പ്രശ്‌നം പരിഹരിക്കാനുള്ള അടുത്തഘട്ടം ചര്‍ച്ച നാളെ രാഗേഷുമായി നടക്കുന്നുണ്ട്. അതിനുശേഷം മുസ്‌ലിം ലീഗുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. രാഗേഷ് യു.ഡി.എഫിലെത്തുന്നതോടെ മേയറായ സി.പി.എമ്മിലെ ഇ.പി ലതക്കെതിരേ അവിശ്വാസം കൊണ്ടുവരാനാണ് യു.ഡി.എഫ് നീക്കം.
കോണ്‍ഗ്രസ് അക്കൗണ്ടില്‍ രാഗേഷ് ഡെപ്യൂട്ടി മേയറായി തുടര്‍ന്നേക്കും. പകരം ലീഗില്‍ നിന്നുള്ള വനിതാ അംഗത്തെ മേയറാക്കാന്‍ കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.
ലീഗിലെ മുതിര്‍ന്ന അംഗം സി. സീനത്തിനെയാണ് മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുക. രാഗേഷ് തിരിച്ചെത്തുന്നതോടെ കൊച്ചിക്ക് പുറമെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണവും യു.ഡി.എഫിന്റെ കൈകളിലെത്തും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെയാണ് കണ്ണൂര്‍ നഗരസഭയെ കോര്‍പറേഷനായി ഉയര്‍ത്തിയത്. കണ്ണൂര്‍ നഗരസഭാ ഭരണം എല്ലായ്‌പ്പോഴും യു.ഡി.എഫിന്റെ കൈയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."