സ്‌കൂള്‍ തുറന്നു മൂന്നുമാസമായിട്ടും വിദ്യാര്‍ഥികളുടെ സൗജന്യ യൂണിഫോം വിതരണം അവതാളത്തില്‍
നെന്മാറ: അധ്യയനം തുടങ്ങി മൂന്നുമാസം പിന്നിട്ടിട്ടും മിക്ക സ്‌കൂളുകളിലും സര്‍ക്കാരിന്റെ സൗജന്യ യൂണിഫോം വിദ്യാര്‍ഥികള്‍ക്ക് കിട്ടിയില്ല. ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാഥികള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് മുഖേന സൗജന്യമായി യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നേരിട്ടും എസ്എസ്എ. എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് ഒരാള്‍ക്ക് 400 രൂപ പ്രകാരം തുക കണക്കാക്കിയുമാണ് നല്കുന്നത്.
തുക ലഭിക്കുന്ന സ്‌കൂളുകള്‍ അധ്യാപകരുടെ നേതൃത്വത്തിലും പിടിഎയുടെ നേതൃത്വത്തിലും യൂണിഫോമുകള്‍ വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നല്കുകയാണ് ചെയ്യുന്നത്. തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചില സ്‌കൂളുകളില്‍ അധ്യാപകരുടെയും, പിടിഎയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ഏജന്‍സികളില്‍ നിന്നും തുണിക്കടകളില്‍ നിന്നും യൂണിഫോം വാങ്ങി നല്കുകയും ചെയ്തു. മൂന്നുമാസം പിന്നിട്ടിട്ടും തുക ലഭിക്കാതായതോടെ ഇവരും വെട്ടിലായി. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് യൂണിഫോം വിതരണത്തിനാവശ്യമായ തുകയുടെ 75 ശതമാനവും മേയ് മാസത്തില്‍ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കാണ് കൈമാറി.
ഈ തുക ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മുഖേനയാണ് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്നത്. എല്ലാ സ്‌കൂളുകളിലേക്കും ആനുപാതികമായി കൈമാറുന്നതിനു പകരം കൂടുതല്‍ വിദ്യാര്‍ഥികളുള്ള എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെയുള്ളവയെ ഒഴിവാക്കി മറ്റുള്ള സ്‌കൂളുകളിലേക്ക് നല്കുകയും ചെയ്തു.
ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പ് പൂര്‍ത്തിയായതോടെ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയെന്ന വിവരം അധികൃതര്‍ അറിയുന്നത്. ലഭിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതോടെ മറ്റ് സ്‌കൂളുകളിലേക്ക് യൂണിഫോം നല്കാന്‍ കഴിയാതായത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂണിഫോം ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന് അയിലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.എം.ഷാജഹാന്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ സൗജന്യ യൂണിഫോം പദ്ധതിപ്രകാരം സ്‌കൂളുകള്‍ക്ക് ഇനി 55 ലക്ഷം രൂപ കൂടി നല്കാനുണ്ട്. തുടക്കത്തില്‍ ആനുപാതികമായി നല്കുന്നതിലുണ്ടായ പിഴവാണ് ചില സ്‌കൂളുകള്‍ക്ക് മാത്രം യൂണിഫോം ലഭിക്കാത്തിരിക്കാന്‍ കാരണമായത്. വിതരണം ചെയ്യാനുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തു നല്കിയിട്ടുണ്ട്. തുക ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."