ഇടയപീഡനം: പ്രതിഷേധസമരം നാലാം ദിവസത്തിലേക്ക്; പിന്നോട്ടില്ലെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന സമരം കൂടുതല്‍ ജനകീയമാകുന്നു. ഇന്നലെ സമരാനുകൂലികള്‍ കെ.സി.ബി.സി ആസ്ഥാനത്തേക്കും ഇതേ ആവശ്യമുന്നയിച്ച് പ്രകടനം നടത്തി.
ഹര്‍ത്താലായിരുന്നിട്ടും നിരവധിപേര്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാരമനുഷ്ഠിച്ചിരുന്ന ജോണ്‍ ജോസഫിനെ പൊലിസെത്തി ആശുപത്രിയിലേക്കു മാറ്റി. എറണാകുളം റാണി മാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ ടീന ജോസ് സമരത്തിനു പിന്തുണയുമായി വേദിയിലെത്തി.
സഭയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരേ പോരാട്ടം തുടരും. മുന്‍പും സഭയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സഭാമേലധ്യക്ഷന്‍മാര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അമ്മമാര്‍ക്കൊപ്പമെന്ന പ്ലക്കാര്‍ഡുമേന്തി പാലക്കാട് നിന്നുള്ള ഒരുകുടുംബവും ഇന്നലെ മുഴുവന്‍ സമയം സമരപന്തലിലുണ്ടായിരുന്നു. ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവരും ഫോര്‍വേഡ് ബ്ലോക്ക്, എ.ഐ.വൈ.എഫ്, ഹിന്ദു ഐക്യവേദി, ശിവസേന തുടങ്ങിയ പാര്‍ട്ടികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തി.
അതേസമയം ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതുവരെ സമരപന്തലില്‍ തങ്ങളുണ്ടാകുമെന്ന് കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു.
പീഡനത്തിനിരയായ കന്യാസ്ത്രീ ഇന്ന് ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിനല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."