തൃത്താല-കൂറ്റനാട് പാത നവീകരണം; നിര്‍മാണ ജോലികള്‍ പാതിവഴിയില്‍
കൂറ്റനാട്: നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പണി പൂര്‍ത്തിയാവാതെ തൃത്താല - കൂറ്റനാട് പാത നവീകരണം. രൂക്ഷമായ പൊടിശല്യത്തിലും ഇടവിട്ടുണ്ടാകുന്ന ഗതാഗതക്കുരുക്കിലും പൊറുതിമുട്ടി വ്യാപാരികളും വഴിയാത്രക്കാരും. തൃത്താലയില്‍നിന്ന് കൂറ്റനാട്ടേക്കുള്ള അഞ്ച് കിലോമീറ്റര്‍ റോഡിനാണ് ഈ ദുര്‍ഗതി.
ഒന്നോ രണ്ടോ മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന നവീകരണം ഏഴ് മാസത്തിലേറെയായിട്ടും പാതിവഴിയിലാണ്. തൃത്താല സെന്ററില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം ടാറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചതൊഴിച്ചാല്‍ ബാക്കിയുള്ള മൂന്നര കിലോമീറ്ററിലും നവീകരണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കയാണ്. നിലവില്‍ മേഴത്തൂര്‍ സെന്ററില്‍ നഗരവികസന പ്രവര്‍ത്തനങ്ങളും അഴുക്കുചാല്‍ നിര്‍മാണവുമാണ് പുരോഗമിക്കുന്നത്. കൂടതെ വിവിധഭാഗങ്ങളില്‍ പാത വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.
പാത നവീകരണത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായ കൂറ്റനാട് ജങ്ഷന്‍ നവീകരണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കൂറ്റനാട് നഗരവികസനത്തിന്റെ ഭാഗമായി യാതൊരു നടപടികളും ഇതുവരെയും ആരംഭിച്ചിട്ടില്ല.
നിര്‍മാണപ്രവൃത്തികളുടെ പ്രാരംഭ നടപടിയായ സര്‍വേ ജോലികളൊന്നും നഗരത്തിലെത്തിയിട്ടില്ല. രണ്ട് കരാറുകളായാണ് നിര്‍മാണം നടക്കുന്നത്.
തൃത്താല സെന്റര്‍ മുതല്‍ മേഴത്തൂര്‍ ഇരുപ്പക്കോട്ടുകാവ് ക്ഷേത്രംവരെ ഒരു കരാറുകാരനും തുടര്‍ന്ന് കൂറ്റനാടുവരെ മറ്റൊരാള്‍ക്കുമാണ് നിര്‍മാണച്ചുമതല. ഇതില്‍ തൃത്താല മുതല്‍ മേഴത്തൂര്‍ ഇരുപ്പക്കോട്ടുകാവ് ക്ഷേത്രംവരെ ടാറിങ് പൂര്‍ത്തിയായി.
പൊതുമരാമത്ത് നിധിയില്‍നിന്ന് 6.60 കോടി രൂപയാണ് പാത നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്.
നേരത്തെ സര്‍വേ നടപടികളില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി തവണ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരുന്നു. നവീകരണം വൈകാന്‍ പ്രധാന കാരണമായതും സര്‍വേ നടപടികളിലെ അപാകതകളാണ്.
കൂടാതെ വൈദ്യുത കാലുകള്‍, ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വന്ന കാലതാമസവും പണി വൈകാന്‍ കാരണമായി. നിര്‍മാണജോലിക്കിടയില്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുന്നതും പതിവുകാഴ്ചയാണ്.
മേഖല കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് വിവിധയിടങ്ങളില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നത്.
നിര്‍മാണജോലികള്‍ക്കിടയില്‍ മേഴത്തൂര്‍ സെന്ററിലെ കലുങ്കിനടിയില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും ശരിയാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മഴക്കാലമെത്തുന്നതിന് മുന്‍പായി നവീകരണജോലികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാവും.
ജനങ്ങളുടെ യാത്രാസൗകര്യത്തിനായി ആരംഭിച്ച പാത നവീകരണം ഇപ്പോള്‍ ജനത്തിന് ദുരിതം നല്‍കുന്ന അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."