ഇന്ധന വില: താക്കീതായി ഹര്‍ത്താല്‍
കണ്ണൂര്‍: അടിക്കടി വര്‍ധിക്കുന്ന ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ യു.ഡി.എ.ഫും ഇടതുപാര്‍ട്ടികളും ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സാധാരണ ഹര്‍ത്താലില്‍ നിന്നു വ്യത്യസ്തമായി ജനങ്ങള്‍ കുറവായതോടെ നഗരത്തില്‍ ബന്ദ് പ്രതീതിയായി. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികെ കെ.എസ്.ആര്‍.ടി.സിയടക്കം മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും ഓഫിസുകളും നിശ്ചലമായി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ജീവനക്കാരും സമരത്തിന് അനുകൂലിച്ചതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍നില ഗണ്യമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും സമാനമായ അവസ്ഥയായിരുന്നു.
വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും വിവാഹ സംഘങ്ങളുടെ വാഹനങ്ങളും മറ്റും തടസമില്ലാതെ സര്‍വിസ് നടത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറിങ്ങിയ യാത്രക്കാര്‍ ഹര്‍ത്താലില്‍ വലഞ്ഞു. വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണകിറ്റ് വിതരണം ചെയ്തതു യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചെങ്കിലും ഇന്ധന വിലവര്‍ധനയോടുള്ള ജനങ്ങളുടെ അമര്‍ഷം പ്രകടമായി. ജില്ലയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും കണ്ണൂരില്‍ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ. സുരേന്ദ്രന്‍, കെ.പി താഹിര്‍, സി.എ അജീര്‍, കെ. പ്രമോദ്, എം.പി മുരളി, സുരേഷ് ബാബു എളയാവൂര്‍, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ യു.ഡി.എഫ് പ്രകടനത്തിനും കെ.പി സഹദേവന്‍, പി. സന്തോഷ് കുമാര്‍, പി.പി ദിവാകരന്‍ എന്നിവര്‍ എല്‍.ഡി.എഫ് പ്രകടനത്തിനും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."