ദുരന്തമുനമ്പിലായിട്ടും ജാഗ്രത പാലിക്കാതെ കേരളം
കൊച്ചി: വന്‍ തീപിടിത്ത പരമ്പരകളുടെ ദുരന്ത മുനമ്പിലായിട്ടും ജാഗ്രത പാലിക്കാതെ കേരളം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ ബ്രോഡ്‌വേ മാര്‍ക്കറ്റിലാണ് വന്‍ അഗ്നിബാധയുണ്ടായത്. കഴിഞ്ഞ നവംബര്‍ മുതല്‍ കോഴിക്കോട് മിഠായി തെരുവ്, കൊച്ചി പാരഗണ്‍ ഗോഡൗണ്‍, കല്‍പറ്റ സിന്ദൂര്‍ ടെക്‌സ്റ്റെല്‍സ്, തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റിക്, തിരുവനന്തപുരം ചെല്ലം അംബ്രല്ലാ മാര്‍ട്ട് തുടങ്ങി സംസ്ഥാനത്ത് പതിമൂന്നോളം വന്‍തീപിടിത്തങ്ങളുണ്ടായി. ചെറിയ തീപിടിത്തങ്ങളുടെ കണക്ക് നൂറിലധികമാണ്.
നേരത്തെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ആറുനില ചെരുപ്പ് ഗോഡൗണ്‍ പട്ടാപ്പകലാണ് തീവിഴുങ്ങിയത്.
കെട്ടിടത്തിന്റെ അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വന്‍ സുരക്ഷാവീഴ്ചയാണ് സംഭവിച്ചത്. 20 അഗ്നിശമന സേനാ യൂനിറ്റുകള്‍ നാലുമണിക്കൂറിലധികം നടത്തിയ കഠിനപരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംസ്ഥാനത്തെ സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിട നിര്‍മാണവും കെട്ടിട സമുച്ചയങ്ങളില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതും സംസ്ഥാനത്ത് തുടര്‍ച്ചയായ തീപിടിത്തത്തിനു കാരണമാകുന്നു. കഴിഞ്ഞ ദിവസം ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തീപിടിത്തത്തിലെയും പ്രധാന വില്ലന്‍ കെട്ടിടത്തിന്റെ സുരക്ഷാ വീഴ്ച തന്നെയാണ്. കൊച്ചിയിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായ ബ്രോഡ്‌വേ മാര്‍ക്കറ്റ് വളരെ ഇടുങ്ങിയതും തിരക്കേറിയതുമാണ്. അതുകൊണ്ടുതന്നെ അരമണിയ്ക്കൂറോളം സമയമെടുത്ത് മാത്രമാണ് അഗ്നിശമന സേനയ്ക്ക് സംഭവസ്ഥലത്ത് എത്താന്‍ കഴിഞ്ഞത്.
ബ്രോഡ്‌വേയിലെ കടകളില്‍ ആവശ്യമായ അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ തുടക്കത്തില്‍ തന്നെ തീ കെടുത്താനായില്ല. റോഡില്‍ വ്യാപാരികള്‍ നടത്തിയ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും അപകടസാധ്യത വര്‍ധിപ്പിച്ചു. വളരെ കഷ്ടപ്പെട്ടാണ് ഇടുങ്ങിയ വഴിയിലൂടെ അഗ്നിരക്ഷാ യൂനിറ്റുകള്‍ സ്ഥലത്ത് എത്തിയത്.
സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് അധികൃതര്‍ നേരത്തെ സംസ്ഥാനത്ത് നടത്തിയ പരിശോധനകളില്‍ പകുതിയിലേറെയും കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. പെട്ടെന്നുള്ള അഗ്നിബാധയെ പ്രതിരോധിക്കാനുള്ള സംവിധാനമൊരുക്കുന്നതില്‍ സംസ്ഥാനത്തെ വന്‍കിട കെട്ടിടങ്ങളില്‍ ഭൂരിഭാഗവും വീഴ്ചവരുത്തുകയാണ്.
ഒരു ബഹുനില കെട്ടിടസമുച്ചയത്തിന് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കണമെങ്കില്‍ ഫയര്‍ ഫൈറ്റിങ് സിസ്റ്റം, തീയണക്കാനുള്ള വെള്ളം സംഭരിക്കുന്നതിന് പ്രത്യേക വാട്ടര്‍ ടാങ്ക്, പുക പുറത്തേക്ക് തള്ളാനുള്ള സംവിധാനം, എല്ലാ നിലയിലും വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സംവിധാനം, അലാറം, ലിഫ്റ്റിന് സുരക്ഷിത വാതില്‍, കെട്ടിടത്തിനുള്ളിലെ കോണികള്‍, പുറത്തേക്ക് പ്രത്യേകമായ കോണി തുടങ്ങിയ സംവിധാനാങ്ങള്‍ ആവശ്യമാണ്.
കെട്ടിടങ്ങളുടെ അനുമതിയ്ക്കായി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുമെങ്കിലും പിന്നീട് ഇവയെല്ലാം പ്രവര്‍ത്തന രഹിതമാകുന്നതാണ് പതിവ് കാഴ്ച.
ചില കെട്ടിടങ്ങളില്‍ താഴെ സുരക്ഷ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും മുകളില്‍ ഇതില്ലാത്തതും വന്‍ തീപിടുത്തങ്ങളുണ്ടാവുമ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."