മസാല ബോണ്ട് നിയമസഭ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: മസാല ബോണ്ട് നിയമ സഭയില്‍ ചര്‍ച്ചചെയ്യും. കിഫ്ബി പദ്ധതികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകള്‍ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രത്യേക ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.
മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അണ് നോട്ടിസ് നല്‍കിയത്.
മസാല ബോണ്ട് എന്നാല്‍
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാല്‍ നല്ല റേറ്റിംഗുള്ള ഏജന്‍സികള്‍ മസാല ബോണ്ട് ഇറക്കിയാല്‍ സാധാരണ ലാഭസാധ്യത മുന്നില്‍ കണ്ട് കമ്പനികള്‍ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."