'മോദിയെ സ്തുതിച്ചോളൂ...ഗാന്ധിജിയെ വെറുതെ വിടണം'- അബ്ദുല്ലക്കുട്ടിക്കു മറുപടിയുമായി ലീഗ് നേതാവ്
കണ്ണൂര്‍: മോദിയെ സ്തുതിച്ച അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എന്‍.എ ഖാദര്‍. ഇതാദ്യമായല്ല അബ്ദുല്ലക്കുട്ടി മോദി സ്തുതിയുമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.
ഗാന്ധിജിയെ മനസ്സിലാക്കാതെയാണ് മോദിയെ ഗാന്ധിയുമായി ഇയാള്‍ താരതമ്യം ചെയ്യുന്നത്. 'ചെറുപ്പകാലത്തു എസ് എഫ് ഐ ക്കാരനും പിന്നീട് ദീര്‍ഘകാലം സി പി എമ്മുകാരനും ആയിരുന്ന താങ്കള്‍ക്ക് അന്ന് ഗാന്ധിജിയെ പഠിക്കേണ്ടി വന്നിട്ടുണ്ടാകുകയില്ല. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നയുടനെ തന്നെ താങ്കള്‍ എം എല്‍ എ യും ആയതിനാല്‍ അവിടെത്തിയപ്പോഴും ഗാന്ധിജിയെ അപ്പോള്‍ പഠിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ കുറച്ചു കാലമായി പണിയൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്തെങ്കിലും ഗാന്ധിജിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണമായിരുന്നു'- ടി.എന്‍.എ ഖാദര്‍ പരിഹസിക്കുന്നു. ഗോഡ്‌സെയുടെ പ്രതിനിധിയെ ഗാന്ധിജിയോട് ഉപമിച്ച് ഞങ്ങളുടെ ഗാന്ധിജിയുടെ ആത്മാവിനെ വേദനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട അബ്ദുള്ളക്കുട്ടി അറിയാന്‍
താങ്കള്‍ വീണ്ടും മോദി സ്തുതിയുമായി വന്നിരിക്കുന്നു
വീണ്ടും എന്ന് പറയുമ്പോള്‍ താങ്കള്‍ ഇതിനു മുമ്പ് പലവട്ടം മോദിയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണല്ലോ?
താങ്കള്‍വര്‍ഷങ്ങള്‍ക്കു മുമ്പ് സി പി എം വിട്ടു കോണ്‍ഗ്രസിലേക്ക് വരുന്നതിന്റെ തുടക്കം ഒരു മോദി സ്തുതിതന്നെയായിരുന്നു . അതും വികസനവുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. അതിനു ശേഷം പലതവണ താങ്കള്‍ മോദിയെ സ്തുതിച്ചുകൊണ്ട് പ്രസ്താവന നടത്തിയിട്ടുണ്ട്.
ഇപ്പോള്‍ താങ്കള്‍ പറഞ്ഞ ഏറ്റവും വലിയ കാര്യം മോദി ഗാന്ധിജിയുടെ ആശയം ആണ് നടപ്പിലാക്കിയത് എന്നാണ് . ഇതില്‍ നിന്നും താങ്കള്‍ ഗാന്ധിജിയെ പോലും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത് . ചെറുപ്പകാലത്തു എസ് എഫ് ഐ ക്കാരനും പിന്നീട് ദീര്‍ഘകാലം സി പി എമ്മുകാരനും ആയിരുന്ന താങ്കള്‍ക്ക് അന്ന് ഗാന്ധിജിയെ പഠിക്കേണ്ടി വന്നിട്ടുണ്ടാകുകയില്ല. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നയുടനെ തന്നെ താങ്കള്‍ എം എല്‍ എ യും ആയതിനാല്‍ അവിടെത്തിയപ്പോഴും ഗാന്ധിജിയെ അപ്പോള്‍ പഠിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ കുറച്ചു കാലമായി പണിയൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്തെങ്കിലും ഗാന്ധിജിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണമായിരുന്നു.
ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയം അഹിംസയാണ്. താങ്കള്‍ ഇന്ന് പുകഴ്ത്തിയ മോദിയുടെ ആശയം അതിന്റെ നേര്‍ വിപരീതമായ ഹിംസയാണ് . ഗാന്ധിജിയുടെ അഹിംസയെക്കുറിച്ച് അറിയില്ലെങ്കിലും മോദിയുടെ ഹിംസയെക്കുറിച്ച് താങ്കള്‍ പത്രത്തില്‍ എങ്കിലും വായിച്ചു അറിഞ്ഞിരികുമല്ലോ ? മോഡി ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത് തന്നെ ആയിരത്തിലധികം പേരെ കൊലചെയ്ത ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ആയിരുന്നു എന്നത് ആര്‍ക്കാണ് ഇന്ത്യയില്‍ അറിയാത്തത് ?
പിന്നെ താങ്കള്‍ പറയുന്ന വികസനം . മോദി എന്ത് വികസാനം ഉണ്ടാക്കി എന്നാണ് പറയുന്നത്? ബി ജെ പി നേതാക്കള്‍ പോലും ഈ തെരഞ്ഞെടുപ്പില്‍ വികസനം അല്ല പറഞ്ഞത് . പച്ചയായ വര്‍ഗീയതയും കപട ദേശീയതയും ആണ് ഉപയോഗപ്പെടുത്തിയത് . വികസനം, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എല്ലാം രാഹുല്‍ ഗാന്ധി പറയുമ്പോള്‍ പാകിസ്ഥാന്‍ , തീവ്രവാദം, ന്യൂനപക്ഷം , ഹിന്ദുത്വം തുടങ്ങിയ പദങ്ങള്‍ മാത്രമാണ് തിരിച്ചും മറിച്ചും മോദി ഉരുവിട്ടത് . തെരഞ്ഞെടുപ്പിന് അടുപ്പിച്ച് ഭീകര ആക്രമണം ഒപ്പിച്ച് ഇന്ത്യന്‍ ജനതയെ ഭീതിയിലാക്കി കപട ദേശീയത ഉയര്‍ത്തി , വര്‍ഗീയത വളര്‍ത്തിയാണ് മോദി തെരഞ്ഞെടുപ്പു കളത്തില്‍ നിറഞ്ഞു നിന്നത് . തീവ്രഹിന്ദു മുദ്രാവാക്യം ഉയര്‍ത്തി പച്ചയായി വര്‍ഗീയത പറഞ്ഞു നേടിയ വിജയം . അവസാന ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഒരു ഗുഹയില്‍ ദൈവത്തെപ്പോലെ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു ജനങ്ങളെ കബളിപ്പിച്ചു നേടിയ വിജയം . അതിനുമപ്പുറം ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കൃത്രിമത്തിലൂടെ നേടിയ വിജയം. ഇതിലപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം ആണ് മോദി നേടിയത് എന്ന് ചിന്തിക്കുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല.
താങ്കള്‍ക്ക് മോദിയെ സ്തുതിക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല . പക്ഷെ ഞങ്ങളുടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഗാന്ധിജിയെ വെറുതെ വിടണം .ഗോഡ്‌സെയുടെ പ്രതിനിധിയെ ഗാന്ധിജിയോട് ഉപമിച്ച് ഞങ്ങളുടെ ഗാന്ധിജിയുടെ ആത്മാവിനെ വേദനിപ്പിക്കരുത് എന്നെ പറയാനുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."